കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ നടൻ ദിലീപ് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. കേരളത്തിനു പുറത്തുള്ള വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിന്‌ രണ്ടാ‍ഴ്‌ച നൽകണമെന്നും ദിലീപിന്റെ അഭിഭാഷകൻ അഡീഷണൽ സെഷൻസ്‌ കോടതിയെ അറിയിച്ചു.

എന്നാൽ, ഇതിന് ഇത്രയും സമയം അനുവദിക്കാൻ കഴിയില്ലെന്ന് പ്രത്യേക കോടതി ജഡ്ജി ഹണി എം. വർഗീസ് വാക്കാൽ പറഞ്ഞു. ദിലീപ് അവധിയപേക്ഷ നൽകി വിട്ടുനിന്നു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി കേസ് 11-നു വീണ്ടും പരിഗണിക്കാൻ മാറ്റി.

കേസുമായി നേരിട്ടു ബന്ധമില്ലാത്ത സ്വകാര്യ ദൃശ്യങ്ങളുടെ സമ്പൂർണ പകർപ്പ് ആവശ്യപ്പെടാൻ ദിലീപിന് അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിലെ നിർണായക സാക്ഷികളായ ചിലരുടെ മൊബൈൽ ഫോണുകളിൽനിന്നു ലഭിച്ച സ്വകാര്യദൃശ്യങ്ങൾ സാക്ഷികളെ സ്വാധീനിക്കാൻ ദുരുപയോഗപ്പെടുത്തിയേക്കുമെന്ന ആശങ്കയും പ്രോസിക്യൂഷൻ ഉന്നയിച്ചു.

എന്നാൽ, ഡിജിറ്റൽ രേഖകൾക്കു കേസുമായി ബന്ധമുണ്ടോ ഇല്ലയോയെന്നു ബോധ്യപ്പെടാൻ ഇത്തരം തെളിവുകൾ പരിശോധിക്കേണ്ടിവരുമെന്ന് പ്രതിഭാഗം വാദിച്ചു. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടും അനാവശ്യ ഹർജികൾ നൽകി നടപടികൾ വൈകിപ്പിക്കാനാണു പ്രതിഭാഗം ശ്രമിക്കുന്നതെന്നു പ്രോസിക്യൂഷനും കുറ്റപ്പെടുത്തി.

കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒമ്പതാംപ്രതി പത്തനംതിട്ട സ്വദേശി സനൽകുമാറിന്റെ രണ്ട് ജാമ്യക്കാരെയും വിളിച്ചുവരുത്തിയ കോടതി 11-നു പ്രതിയെ കോടതിമുമ്പാകെ ഹാജരാക്കാൻ നിർദേശിച്ചു. സാധിച്ചില്ലെങ്കിൽ ജാമ്യക്കാർ 80,000 രൂപവീതം കോടതിയിൽ കെട്ടിവെക്കണം.

കേസിലെ മറ്റു പ്രതികളായ മാർട്ടിൻ ആന്റണി, വിജീഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷകളിലും 11-നു വിധിപറയും. ദിലീപ്, സനൽകുമാർ എന്നിവരൊഴികെയുള്ള മുഴുവൻ പ്രതികളും ചൊവ്വാഴ്ച കോടതിയിൽ ഹാജരായി. പ്രതികൾക്കെതിരേ കോടതി ചൊവ്വാഴ്ച കുറ്റംചുമത്തിയില്ല.

content highlights: actor dileep files application to examine visuals in connection with actress attack case