കോട്ടയം: സംസ്ഥാനത്തെ പുതിയ ഡി.ജി.പി.യായി അനിൽകാന്ത് സ്ഥാനമേറ്റപ്പോൾ, കോട്ടയം വൈക്കം ചെമ്പ് സ്വദേശിയും നടനുമായ ചെമ്പിൽ അശോകനും വൈറലായി. ഇരുവരുടെയും രൂപസാദൃശ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

വ്യാഴാഴ്ച വീടിനടുത്തുള്ള ഒരു കല്യാണത്തിന് പങ്കെടുക്കാൻ ചെന്നപ്പോൾ, ‘അങ്ങനെ ഒരേ സമയം ഡി.ജി.പി.യും നടനും കല്യാണത്തിന് വന്നെന്ന’ മട്ടിലായി സംസാരം.

വലിയൊരു പോലീസ് ഓഫീസറുമായി സാദൃശ്യം വന്നതിൽ സന്തോഷം മാത്രമല്ല അദ്‌ഭുതവുമുണ്ടെന്ന് അശോകൻ. ഫോണിലെ തന്റെ ചില പഴയ ചിത്രങ്ങൾ കാട്ടി ആ രൂപത്തിനാണ് കൂടുതൽ സാമ്യമെന്നും അദ്ദേഹം പറഞ്ഞു.

സത്യൻ അന്തിക്കാടിന്റെ ‘ഭാഗ്യദേവത’യിൽ ആദ്യമായി അഭിനയിക്കുമ്പോൾ ഇന്നത്തെ അത്ര വണ്ണമില്ലായിരുന്നു. ‘അന്ന് മുഖം അല്പം ഒട്ടിയായിരുന്നു. ക്ലീൻ ഷേവുമായിരുന്നു. ഇപ്പോൾ വണ്ണവും മീശയും വെച്ചപ്പോൾ അല്പം മാറ്റമുണ്ട്. സിനിമയിലെത്തി നല്ല ആഹാരമൊക്കെ കഴിച്ചപ്പോൾ വന്ന മാറ്റം. നാട്ടിലെ ഒരു കല്യാണവും വിടാതെ ഉണ്ണുകയല്ലേ’-കല്യാണസദ്യ ഉണ്ടിറങ്ങുമ്പോൾ ചെമ്പിൽ അശോകൻ പറഞ്ഞു.

താമസിയാതെ ഡി.ജി.പി.യെ നേരിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.

ഇതിനോടകം രണ്ട് വാക്സിൻ എടുത്ത അശോകൻ ഷൂട്ടിങ്ങിന്റെ നല്ല കാലം കാത്തിരിക്കുകയാണ്. ഈയിടെയായിരുന്നു, ഘാനയിൽ ജോലിയുണ്ടായിരുന്ന മൂത്ത മകൻ അരുൺ ശങ്കറിന്റെ വിവാഹം. രണ്ടാമത്തെ മകൻ ആനന്ദ് ശങ്കർ പി.ജി. വിദ്യാർഥി. ഗിരിജയാണ് അശോകന്റെ ഭാര്യ.

മുൻ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ സ്ഥാനമേറ്റ സമയത്ത്, നടനും മിമിക്രി കലാകാരനുമായ സാജു നവോദയയ്ക്ക് അദ്ദേഹവുമായുള്ള സാമ്യം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.