? 97-ാം വയസ്സിലും ആരോഗ്യം സംരക്ഷിച്ച് താങ്കൾ മുന്നോട്ടുപോകുന്നു. ആരോഗ്യസ്ഥിതി എന്താണ്? ദൈനംദിന വാർത്തകൾ ശ്രദ്ധിക്കുന്നുണ്ടോ?

= എനിക്ക് സ്വന്തംനിലയിൽ സംരക്ഷിക്കാനാവാത്തവിധമാണ് ആരോഗ്യകാര്യങ്ങൾ. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നുള്ള ബുദ്ധിമുട്ടുകളുണ്ട്. ടി.വി.യിലും പത്രങ്ങളിലും വരുന്ന വാർത്തകൾ ശ്രദ്ധിക്കുന്നുണ്ട്.

? കേരളത്തിൽ ഇടതുമുന്നണി അധികാരം നിലനിർത്തുമെന്ന് കരുതുന്നുണ്ടോ?

= തീർച്ചയായും. ഇടതുപക്ഷഭരണം നിലനിൽക്കണമെന്ന് അധ്വാനിക്കുന്ന ജനവിഭാഗവും മതനിരപേക്ഷ മനസ്സുള്ളവരും ആഗ്രഹിക്കുന്നുണ്ട്. രണ്ടു പ്രളയങ്ങളും നിപയും കോവിഡുമൊക്കെ അതിജീവിച്ച് ജനങ്ങൾക്ക് സംരക്ഷണകവചം ഒരുക്കിയ സർക്കാരിനെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവൽനിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങൾക്ക് തിരഞ്ഞെടുക്കാനാവില്ല. എന്നാലും എൽ.ഡി.എഫ്. പ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുക്കണം. നേട്ടങ്ങളുടെ തുടർച്ചയും വളർച്ചയും ജനങ്ങൾക്കുമുന്നിൽ വിശദീകരിക്കണം.

? പിണറായി വിജയൻ എന്ന നേതാവിനെയും മുഖ്യമന്ത്രിയെയും എങ്ങനെ വിലയിരുത്തുന്നു.

= ഏതെങ്കിലും നേതാവിനെ വിലയിരുത്തുന്നതിൽ കാര്യമില്ല. നേതാവില്ലാതെ മുന്നണിനേതൃത്വത്തിന് പൂർണതയില്ലല്ലോ. പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏതുരീതിയിൽ നിർവഹിക്കുന്നു എന്നതിലാണ് കാര്യം. ഭൂപരിഷ്കരണമായാലും വിദ്യാഭ്യാസ ബില്ലായാലും നെൽവയൽ നീർത്തട സംരക്ഷണമായാലും അനധികൃത കൈയേറ്റമൊഴിപ്പിക്കലായാലും ദുരന്തങ്ങളെ നേരിടുന്ന കാര്യമായാലും ക്ഷേമനടപടികളായാലും ഒക്കെ അങ്ങനെതന്നെ. ഈ സർക്കാർ ജനങ്ങളുടെ പക്ഷത്താണ് എന്നകാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ടാവാനിടയില്ല.

? ഇടതുഭരണത്തിന്റെ അവസാനകാലത്ത് ഗുരുതരമായ ഒട്ടേറെ ആരോപണങ്ങളുണ്ടായി. സ്വർണക്കടത്തുമുതൽ കേരളത്തിന്റെ കടൽ വിൽക്കുന്നു എന്ന ആരോപണംവരെ. എന്തുതോന്നുന്നു

= ആരോപണങ്ങളെ ഭയപ്പെട്ടാൽ ഒരു ഭരണാധികാരിക്കും ഭരണം നടത്താനാവില്ല. കഴിഞ്ഞ ഭരണത്തിൻറെ അവസാനകാലത്തും ഇതുപോലുള്ള ആരോപണങ്ങളുണ്ടായല്ലോ. ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിക്കെതിരേ നിലനിൽക്കുന്ന ഒരു ആരോപണം കണ്ടെത്തുന്നതിനുവേണ്ടി പ്രതിപക്ഷം ഒരു കമ്മിറ്റിയെ നിയോഗിക്കുകവരെ ചെയ്തിട്ടുണ്ടല്ലോ. കേന്ദ്ര ഏജൻസികളാണ് ഇപ്പോൾ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നത്. അതും, എൽ.ഡി.എഫ്. സർക്കാരിൻറെ ആവശ്യാർഥം. തിരഞ്ഞെടുപ്പുകാലത്ത് ആ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്ന ആരോപണവും ഉണ്ട്. കടൽ കേരള സർക്കാരിന് വിൽക്കാനാവില്ലല്ലോ.

? ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ എന്നനിലയിലുള്ള പ്രവർത്തനങ്ങളിൽ തൃപ്തിയുണ്ടോ

= തീർച്ചയായും. പതിമ്മൂന്ന് വിഷയമേഖലകളിൽ സമഗ്രമായ പഠനം നടത്തുകയും ശുപാർശകൾ സമർപ്പിക്കുകയും ചെയ്തശേഷമാണ് ഞാൻ സ്ഥാനമൊഴിഞ്ഞത്. ആ റിപ്പോർട്ടുകളിൽ എന്തു നടപടി കൈക്കൊള്ളും എന്നതിനെക്കൂടി ആശ്രയിച്ചാണ് പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി.

? ബി.ജെ.പി. കേരളത്തിലും നേട്ടമുണ്ടാക്കാൻ വലിയ ശ്രമത്തിലാണ്. ഫലമുണ്ടാവുമോ

= ബി.ജെ.പി. കേരളത്തിൽ നേട്ടമുണ്ടാക്കാനായി ശ്രമിക്കും. വിമോചനസമരം തൊട്ടിങ്ങോട്ട് പ്രതിലോമശക്തികൾ ഇടതുപക്ഷത്തെപ്പോലെതന്നെ സജീവമാണ്. പക്ഷേ, ഇത് കേരളമാണ്. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തിൽ ബി.ജെ.പി.ക്ക് വേരുറപ്പിക്കാനാവില്ല. രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബി.ജെ.പി.യെ ഏറ്റവും നന്നായി വിലയിരുത്തുന്നതും കേരളമാവും.

? മാരാരിക്കുളത്തെ തോൽവിക്കുശേഷമാണ് താങ്കൾ മാറിയത് എന്നൊരു വിലയിരുത്തലുണ്ട്. പിന്നീടാണ് താങ്കളുടെ ജനകീയത കുത്തനെ ഉയർന്നത്. മാരാരിക്കുളത്തിനുശേഷം ഒരു മാനസാന്തരം സംഭവിച്ചോ

= അത് ആരുടെ വിലയിരുത്തലാണെന്നറിയില്ല. ഏതായാലും മാരാരിക്കുളത്തെ തോൽവിക്ക് മുമ്പും പിമ്പും ഒരു കമ്യൂണിസ്റ്റുകാരൻ എന്നനിലയിൽ എൻറെ നിലപാടുകളിൽ മാറ്റമുണ്ടായിട്ടില്ല. എൻറെ നിലപാടുകളും പ്രവർത്തനങ്ങളും ജനങ്ങൾ വിലയിരുത്തിയതിൻറെ ഫലമായിട്ടാവണം, എൻറെ ജനകീയത ഉയർന്നിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിച്ചത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുമ്പോഴും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെ ആവുമ്പോഴും ജനങ്ങൾ ഒപ്പമുണ്ടായിരുന്നു എന്നു പറയുന്നതല്ലേ ശരി? ഏതെങ്കിലും തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ലല്ലോ കാര്യം.

? ഇപ്പോഴത്തെ ദിനചര്യ എങ്ങനെ

= ദിനചര്യകളിൽ കാര്യമായ മാറ്റംവന്നിരിക്കുന്നു. മുമ്പൊക്കെ രാവിലെ നാലുമണിക്ക് ആരംഭിച്ചിരുന്ന ദിനചര്യകൾ അതേപടി തുടരാനാവുന്നില്ല. നടത്തവും യോഗയുമൊക്കെ വെട്ടിക്കുറയ്ക്കേണ്ടിവന്നിരിക്കുന്നു.

? ഇത്രയും ദീർഘമായ ഒരു രാഷ്ട്രീയജീവിതം നൽകിയ തിരിച്ചറിവുകൾ എന്തൊക്കെയാണ്

= രാഷ്ട്രീയപ്പാർട്ടികളുടെ പ്രവർത്തനശൈലിയിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പഴയ പല മുദ്രാവാക്യങ്ങളും അപ്രസക്തമാവുകയോ അവഗണിക്കപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നു. ഇ.എം.എസ്. പറഞ്ഞതുപോലെ, സത്യസന്ധതയും ത്യാഗനിർഭരതയുമാണ് രാഷ്ട്രീയക്കാരുടെ അടിസ്ഥാനമൂല്യങ്ങൾ. ഇത് ഈ കാലഘട്ടത്തിൽ വിഷമമേറിയ ഒരു പ്രക്രിയയായി മാറിയിരിക്കുന്നു. അതിനു കാരണം മൂലധന താത്‌പര്യങ്ങളുടെ സ്വാധീനം രാഷ്ട്രീയപ്പാർട്ടികളെയും പിടികൂടുന്നു എന്നതുകൂടിയാണ്. അതിനെ ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ മാത്രമേ, ഇടതുപക്ഷമൂല്യങ്ങൾ പ്രവർത്തകർക്ക് നിലനിർത്തിക്കൊണ്ടുപോകാൻ കഴിയൂ.

? ചെയ്തത് തെറ്റായിപ്പോയി എന്ന് എപ്പോഴെങ്കിലും തോന്നിയ സന്ദർഭങ്ങളുണ്ടോ?

= ഇല്ല. പക്ഷേ, വേണ്ടത്ര പൂർണതയിൽ ചെയ്തോ എന്ന തോന്നൽ ഉണ്ടായ എത്രയോ സന്ദർഭങ്ങളുണ്ട്. ഭൂമിയുടെ വിനിയോഗം സംബന്ധിച്ച്, പരിസ്ഥിതി സംബന്ധിച്ച്, സ്ത്രീസുരക്ഷ സംബന്ധിച്ച്, അഴിമതിക്കെതിരേയുള്ള പോരാട്ടം സംബന്ധിച്ച് എല്ലാം കുറേക്കൂടി ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

? സ്വന്തം അനുഭവത്തിൽനിന്ന് രാഷ്ട്രീയത്തിലെ വരുംതലമുറയ്ക്ക് നൽകാനുള്ള സന്ദേശമെന്താണ്?

= പ്രത്യയശാസ്ത്രത്തിൻറെ അടിത്തറയിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ നിലപാടുകളിൽ അവസാനംവരെ ഉറച്ചുനിൽക്കുക. ആരൊക്കെ അതിനെ എതിർത്താലും ജനങ്ങൾ ഒപ്പമുണ്ടാവും. ജനങ്ങളുടെ താത്‌പര്യമാണ് കമ്യൂണിസ്റ്റുകാരൻറെ താത്‌പര്യം. അതിനപ്പുറം കമ്യൂണിസ്റ്റുകാരന് വേറെ താത്‌പര്യങ്ങളില്ല.