pradeep kumar
പ്രദീപ് കുമാർ

ചേർത്തല: പാലക്കാട് വാളയാറിൽ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരുന്ന വയലാർ സ്വദേശി വീടിനുള്ളിൽ തൂങ്ങിമരിച്ചു. വയലാർ പഞ്ചായത്ത് അഞ്ചാംവാർഡിൽ കടപ്പള്ളി പ്രദീപ് കുമാർ(36) ആണ് ബുധനാഴ്ച പാലക്കാട്ടുള്ള ഭാര്യയെ വീഡിയോകോളിലൂടെ വിവരങ്ങളറിയിച്ചശേഷം കുടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

ഭാര്യ നൽകിയ വിവരത്തെത്തുടർന്ന് ബന്ധുക്കളെത്തി മുറിതുറന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചു.

കേസിൽ പ്രദീപിനെ 2019-ൽ കോടതി വെറുതെവിട്ടിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയത് വിവാദമായിരുന്നു. ഹൈക്കോടതിയിൽ കേസ് വീണ്ടും പരിഗണിക്കുന്നതിനിടെയാണ് മരണം. സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. കേസ് തുടർന്നു നടത്തുന്നതിനായി പണത്തിനായി ബുധനാഴ്ച രാവിലെ അമ്മയ്‌ക്കൊപ്പം സമീപത്തെ സഹകരണ ബാങ്കിൽ വായ്പക്ക് അപേക്ഷ നൽകിയിരുന്നു. നിലവിൽ വായ്പ നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റൊരുവായ്പക്കു സാധ്യതയില്ലെന്നു ബാങ്ക് അറിയിച്ചതായി പറയുന്നു. മടങ്ങിയെത്തിയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. വാളയാറിൽ ബേക്കറി നടത്തിയിരുന്ന പ്രദീപ് കേസിൽ കോടതി വെറുതെവിട്ടതോടെ ആറുമാസം മുൻപാണ് നാട്ടിൽ എത്തിയത്. തുടർന്ന് ഇവിടെയും ബേക്കറി സാധനങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുകയായിരുന്നു.

2017-ൽ നടന്ന രണ്ടു പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച രണ്ടുകുറ്റപത്രങ്ങളിലും ഇയാൾ പ്രതിയായിരുന്നു. ചേർത്തല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്‌ക്കും പോസ്റ്റ്‌മോർട്ടത്തിനുംശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: കല്യാണി. മാതാവ്: ഗീത. സഹോദരങ്ങൾ: പ്രതീഷ്, പ്രജീഷ്.

content highlights: accused in walayar case committed suicide