കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് പ്രത്യേക പരിഗണനയിൽ സർക്കാർ നിർദേശപ്രകാരം. അതേസമയം, കോവിഡ് കാലത്ത് തടവുകാർക്ക് പരോൾ അനുവദിക്കാനുള്ള സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്‌കരിച്ച ഉന്നതാധികാരസമിതിയെയും മറികടന്നാണ് പരോൾ അനുവദിച്ചത്.

മേയ് 11-നാണ് പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജയിൽവകുപ്പ് 90 ദിവസം പരോൾ അനുവദിച്ചത്. സുപ്രീംകോടതി നിർദേശപ്രകാരം ഉന്നതാധികാരസമിതി നിശ്ചയിച്ച മാനദണ്ഡം കണക്കിലെടുത്താണിതെന്ന് അന്ന് ജയിൽവകുപ്പ് വിശദീകരിച്ചു.

അഭയ കേസിൽ നിയമപോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരക്കൽ, പരോൾ ലഭിച്ചതിനെതിരെ കേരള ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ഉന്നതാധികാരസമിതി അധ്യക്ഷനുമായ ജസ്റ്റിസ് സി.ടി.രവികുമാറിന് മേയ് 31-ന് പരാതി അയച്ചു.

സുപ്രീംകോടതി നിർദേശിച്ച മാനദണ്ഡം മറയാക്കിയാണ് അഭയ കേസ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇൗ പരാതിയിൽ ജസ്റ്റിസ് സി.ടി.രവികുമാറിന്റെ നിർദേശപ്രകാരം ലീഗൽ സർവീസസ് അതോറിറ്റി നൽകിയ മറുപടിയിലാണ് അഭയ കേസ് പ്രതികൾക്ക് പരോളിന് ശുപാർശ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

ജീവപര്യന്തം ശിക്ഷ കിട്ടിയ ആർക്കും പരോളിന് ഉന്നതാധികാരസമിതി ശുപാർശ ചെയ്തിട്ടില്ല. തീരുമാനങ്ങൾ മുഴുവൻ അതോറിറ്റി വെബ്സൈറ്റിലുണ്ടെന്നും മറുപടിയിലുണ്ട്. ഇതോടെ ജയിൽവകുപ്പിന്റെ കള്ളം പൊളിഞ്ഞു. ലീഗൽ സർവീസസ് അതോറിറ്റിക്ക് ജയിൽ ഡി.ജി.പി. നൽകിയ വിശദീകരണത്തിൽ പരോൾ അനുവദിച്ചത് സർക്കാർ ഉത്തരവ് പ്രകാരമാണെന്ന് വ്യക്തമാക്കി. ഇത് സ്പെഷ്യൽ പരോളാണെന്നും മറുപടിയിലുണ്ട്.

പരോൾ സംബന്ധിച്ച് സി.ബി.ഐ. ജയിൽവകുപ്പിന് അയച്ച കത്തിലും തെറ്റായ മറുപടിയാണ് ജയിൽ അധികാരികൾ നൽകിയിട്ടുള്ളത്. ഉന്നതാധികാരസമിതിയുടെ തീരുമാനപ്രകാരമാണ് പ്രതികൾക്ക് പരോൾ നൽകിയതെന്നാണ് സി.ബി.ഐ. എസ്.പി.ക്ക് ലഭിച്ച വിശദീകരണം. ഇൗ വിശദീകരണവും ഇപ്പോൾ പൊളിഞ്ഞു.

അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ. ഇരുവരും നാലരമാസം ജയിലിലായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. നിയമവിരുദ്ധ പരോളിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജോമോൻ പുത്തൻപുരക്കൽ പറഞ്ഞു. ചൊവ്വാഴ്ച ഹർജി ഫയൽ ചെയ്യും.