തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ച് മിമിക്രി കലാകാരൻ കലാഭവൻ സോബി നൽകിയ മൊഴികളൊന്നും വിശ്വസനീയമല്ലെന്ന് സി.ബി.ഐ. അപകടം നടന്ന് ഏറെക്കഴിഞ്ഞശേഷം ഈ സ്ഥലത്തുകൂടി സോബി പോയിട്ടുണ്ട്. അല്ലാതെ അപകടത്തിനു സാക്ഷിയല്ല. അപകടത്തിനു തൊട്ടുമുമ്പ് ബാലഭാസ്കർ സഞ്ചരിച്ച കാർ ആക്രമിക്കുന്നതു കണ്ടുവെന്നു പറഞ്ഞതും തെറ്റാണ്. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും സി.ബി.ഐ. പറയുന്നു.

അപകടത്തിൽ ദുരൂഹതയുണ്ടെന്നും സ്വർണക്കടത്തുകാർക്ക് പങ്കുണ്ടെന്നുമായിരുന്നു സോബിയുടെ ആരോപണം. സ്വർണക്കടത്ത് കേസിലെ ഒരു പ്രതിയെ അപകടസ്ഥലത്ത് കണ്ടുവെന്നും സോബി പറഞ്ഞിരുന്നു. എന്നാൽ, ശാസ്ത്രീയമായ അന്വേഷണത്തിലും നുണപരിശോധനയിലും ഇതെല്ലാം കളവാണെന്നു സി.ബി.ഐ. കണ്ടെത്തി. അപകടത്തിനു തൊട്ടുപിന്നാലെ ഡ്രൈവറെ ഫോൺ ചെയ്തെന്നായിരുന്നു സോബിയുടെ മൊഴി. എന്നാൽ, ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ, അപകടത്തിന് രണ്ടു മണിക്കൂറിനുശേഷമാണ് സോബി ഡ്രൈവറെ വിളിച്ചതെന്നു സ്ഥിരീകരിച്ചു. സോബി പറഞ്ഞ പ്രതി അപകടം നടന്ന സമയം ബെംഗളൂരുവിലായിരുന്നു.

ബാലഭാസ്കറിന്റെ കാർ ആക്രമിച്ചുവെന്നു സോബി പറയുന്ന പെട്രോൾ പമ്പിൽ അത്തരമൊരു സംഭവം നടന്നിട്ടില്ല. വാഹനാപകടത്തിൽ ബാലഭാസ്കറിന്റെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നെങ്കിലും ഇതിനു ശക്തിപകർന്നത് സോബിയുടെ വെളിപ്പെടുത്തലുകളായിരുന്നു.

Content Highlight: Accident claimed violinist Balabhaskar’s life: CBI