കണ്ണൂർ: കാർഷികോത്‌പന്നങ്ങളുടെ മൂല്യവർധനയ്ക്കും വിപണനത്തിനും കേരള അഗ്രോ ബിസനസ് കമ്പനി എന്നപേരിൽ കേരളം സ്വന്തം കമ്പനി തുടങ്ങുന്നു. സിയാൽ മാതൃകയിൽ സംസ്ഥാന സർക്കാരിന് 32 ശതമാനമായിരിക്കും ഓഹരി. ബാക്കി പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കും. ഫയൽ ധനവകുപ്പിന്റെ അനുമതിക്കയച്ചു. മൂന്നുമാസംകൊണ്ട് നടപടി പൂർത്തിയാക്കും.

2017-ൽ ഇതിന് നിർദേശം ഉയർന്നിരുന്നു. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 150 ലക്ഷം രൂപയും അനുവദിച്ചു. പക്ഷേ, അത് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ ട്രഷറി അക്കൗണ്ടിൽ കിടക്കുകയായിരുന്നു. കാർഷികക്കൂട്ടായ്മ രൂപവത്‌കരിക്കാൻ പുറത്തുനിന്നുള്ള ഏജൻസികളെ ക്ഷണിച്ചത് വിവാദമായ സാഹചര്യത്തിൽ കമ്പനി രൂപവത്കരണം വേഗത്തിലാക്കാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർദേശിക്കുകയായിരുന്നു.

കേരള അഗ്രോ ബിസനസ് കമ്പനി (കെ.എ.ബി.സി.ഒ.-കാബ്‌കോ) എന്നാണ് പുതിയ കമ്പനിയുടെ പേര്. പുതിയ കാർഷിക ഉദ്യാനങ്ങളും പഴവർഗ ഉദ്യാനങ്ങളും സ്ഥാപിക്കുക, കൃഷി ഡയറക്ടറേറ്റിൽ ഫലപ്രദമായ വിപണനവിഭാഗം ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കുക, ഐ.ടി. അധിഷ്ഠിത പ്ലാറ്റ്‌ഫോം ഒരുക്കുക, ഓരോ സീസണിലും വിപണിവ്യതിയാനം വിശകലനം ചെയ്യുക, ഹോട്ടികൾച്ചർ കോർപറേഷന്റെയും പഴം പച്ചക്കറി പ്രോത്സാഹന സമതിയുടെയും മേൽഘടകമായി പ്രവർത്തിക്കുക, എല്ലാ ഉത്‌പന്നങ്ങൾക്കും പെരുമ (ബ്രാന്റിങ്) ഉണ്ടാക്കുക, കൃഷിവകുപ്പിന്റെ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം സാധ്യമാക്കുക, കർഷകർക്കും കർഷകക്കൂട്ടായ്മകൾക്കും കാർഷിക സംരംഭകർക്കും വേണ്ട സഹായങ്ങൾ ചെയ്യുക, അമിതോത്‌പാദനം വരുമ്പോൾ വിപണിയിൽ ഇടപെടുക, കർഷകരിൽ ആത്മവിശ്വാസം വളർത്തുക തുടങ്ങിയവയാണ് കമ്പനിയുടെ ലക്ഷ്യങ്ങൾ.

സംസ്ഥാനസർക്കാരിന്റെ ഓഹരി 51 ശതമാനമായാൽ ഉയർന്ന ശമ്പളത്തിൽ മികവുറ്റവരെ നിയമിക്കാൻ സാങ്കേതിക തടസ്സമുണ്ട്. പരമാവധി 35,000 രൂപയേ ഇത്തരം കമ്പനികളിലുള്ളവർക്ക് നൽകാൻ കഴിയൂ. അതിനാലാണ് സിയാൽ മാതൃക തേടുന്നത്.

സിയാൽ മാതൃക

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് കമ്പനി ലിമിറ്റഡിൽ സംസ്ഥാനസർക്കാരിന് 32.42 ശതമാനം ഓഹരിയാണുള്ളത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് രണ്ടുശതമാനവും എയർ ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഭാരത് പെട്രോളിയം തുടങ്ങിയ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾക്ക് 13 ശതമാനവും ഫെഡറൽ ബാങ്കിന് രണ്ടുശതമാനവും ഓഹരിയുണ്ട്. ശേഷിക്കുന്നവയിൽ 25.4 ശതമാനം നാലു സ്വകാര്യ വ്യക്തികൾക്കും 25 ശതമാനം 19,000 സാധാരണ നിക്ഷേപകർക്കുമാണ്.

മുഖ്യമന്ത്രിയാണ് ഡയറക്ടർ ബോർഡ് ചെയർമാൻ. രണ്ടു സംസ്ഥാന മന്ത്രിമാരും ബോർഡിലുണ്ട്. മാനേജിങ് ഡയറക്ടറെ നിയമിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഫലത്തിൽ ഭൂരിപക്ഷം ഓഹരി ഇല്ലാതെതന്നെ സർക്കാരിന് നിയന്ത്രിക്കാവുന്ന ഘടനയാണ് കമ്പനിക്ക്.

2004 മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സിയാലിന്റെ കഴിഞ്ഞകൊല്ലത്തെ ലാഭം 206 കോടി രൂപയായിരുന്നു. ഇതുവരെ 282 ശതമാനം ലാഭവിഹിതം കൊടുത്തു. 130.6 കോടി രൂപ ഓഹരി വിഹിതമായി കൊടുത്ത സംസ്ഥാന സർക്കാരിന് 368.46 കോടി രൂപയാണ് ലാഭവിഹിതം കിട്ടിയത്.

Content Highlights: Accelerates the formation of Kerala Agro Business Company