ആലപ്പുഴ: ദീർഘദൂരയാത്രക്കാർക്ക് ആശ്വാസമായി തിരുവനന്തപുരം- കോഴിക്കോട് റൂട്ടിൽ കെ.എസ്.ആർ.ടി.സി. എ.സി. ലോ ഫ്ലോർ ബസുകൾ ഇനി 24 മണിക്കൂറും സർവീസ് നടത്തും. ഒരുമണിക്കൂർ ഇടവിട്ടാണിത്. അവധിദിനങ്ങൾ വരാനിരിക്കേ ദീർഘദൂരയാത്രക്കാർക്ക് ഇത് ഏറെ പ്രയോജനപ്പെടും.

ആലപ്പുഴവഴിയും കോട്ടയംവഴിയും ബസുണ്ട്. 96 ഷെഡ്യൂളുകളാണ് ഉണ്ടാവുക. അതിനായി 97 ഡ്രൈവർമാരെയും 97 കണ്ടക്ടർമാരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം മുതൽ കോഴിക്കോടുവരെയുള്ള സർവീസുകൾക്ക് 12 മണിക്കൂർ 20 മിനിറ്റാണു ഡ്യൂട്ടിസമയമായി നിശ്ചയിച്ചിട്ടുള്ളത്. സമയപരിധിയിൽ അപകടരഹിതമായി യാത്രക്കാരെ എത്തിക്കുന്നവർക്ക് ഇൻസെന്റീവ് ബാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഒരുമാസം 23 ഡ്യൂട്ടി ചെയ്യുന്നവർക്ക് 500 രൂപ അധിക അലവൻസ് നൽകും.

ഓരോ ട്രിപ്പ് തുടങ്ങുമ്പോഴും ബ്രെത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയമാകണം. മദ്യപിച്ച് ജോലിചെയ്തതായി ശ്രദ്ധയിൽപ്പെട്ടാൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷാനടപടി സ്വീകരിക്കും. ട്രിപ്പുകൾക്കിടയിലുള്ള വിശ്രമവേളയിൽ മദ്യപിച്ചതായി തെളിഞ്ഞാലും ശിക്ഷാനടപടിയുണ്ടാകും. യാത്രക്കാരോട് അപമര്യാദയായി പെരുമാറിയാലോ കാരണമില്ലാതെ ജോലിക്ക് ഹാജരാകാതെയിരിക്കുകയോചെയ്താൽ സർവീസിൽനിന്ന് മാറ്റിനിർത്തും.

ബസുകൾ ബ്രേക്ക്‍ഡൗൺ ആകുന്ന സാഹചര്യത്തിൽ സ്പെയർ ബസുകൾ ഉപയോഗിച്ച് സർവീസ് തുടരും. ആറ്ുേപർ വീതം അടങ്ങുന്ന ജീവനക്കാരുടെ ഒരുബാച്ചിന് ഒരുബസ് പൂർണമായി നൽകും. ബസ് വൃത്തിയായി പരിപാലിക്കേണ്ട ചുമതല ജീവനക്കാർക്കായിരിക്കും.

Content Highlights: AC ksrtc bus Thiruvananthapuram-Kozhikode route