തിരുവനന്തപുരം: കെ.എസ്.യു.വിന് പിന്നാലെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എ.ബി.വി.പി.ക്കും യൂണിറ്റുവരും.

യൂണിറ്റുണ്ടാക്കി എ.ബി.വി.പി.യിൽ പ്രവർത്തിക്കാൻ മുപ്പതോളം വിദ്യാർഥികൾ മുന്നോട്ടുവന്നതായി ബി.ജെ.പി. ജില്ല-സംസ്ഥാന നേതാക്കൾ പറഞ്ഞു. ഇവരിൽ കൂടുതലും പെൺകുട്ടികളാണ്. യൂണിറ്റ് രൂപവത്കരണവും പ്രഖ്യാപനവും എന്നായിരിക്കുമെന്ന് ഇവർ വ്യക്തമാക്കിയില്ല. വർഷങ്ങൾക്കുശേഷം കെ.എസ്.യു. കഴിഞ്ഞ ദിവസം കോളേജിൽ യൂണിറ്റ് രൂപവത്കരിച്ചിരുന്നു.

പ്രാണഭയംകൊണ്ടാണ് വിദ്യാർഥികൾ കോളേജിൽ യൂണിറ്റ് ഉണ്ടാക്കാത്തതെന്ന് കഴിഞ്ഞദിവസം ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇടതുമുന്നണയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ.യുടെ വിദ്യാർഥിസംഘടനയ്ക്കുപോലും സ്വാതന്ത്ര്യമില്ലാത്തിടത്ത് എ.ബി.വി.പി.യുടെ സാധ്യതയിൽ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്നങ്ങൾക്കെതിരേയുള്ള പ്രതിഷേധങ്ങളിൽ പാർട്ടി പിന്നിലായെന്ന മുറുമുറുപ്പ് ബി.ജെ.പി.യിലെ ഒരുവിഭാഗത്തിനുണ്ട്. ഈ സാഹചര്യത്തിൽ പിന്നോട്ടുപോകുന്നത് ശരിയല്ലെന്ന ചിന്തയാണ് യൂണിറ്റ് രൂപവത്കരണവുമായി നീങ്ങാൻ കാരണം.

Content Highlights:  After KSU, ABVP to start Unit