കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ പിടിയിലായ പ്രതികൾ നൽകുന്ന മൊഴികൾ പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു. പ്രതികൾ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് അന്വേഷണത്തിന്റെ വഴിതെറ്റിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

കേസിന്റെ അന്വേഷണം ആക്രമണത്തെ നിയന്ത്രിച്ച കേന്ദ്രത്തിലേക്ക് എത്തരുതെന്ന് കരുതിക്കൂട്ടിയുള്ള മൊഴികളാണ് പ്രതികൾ നൽകുന്നത്. അതിനാൽ തന്നെ പ്രതികളുടെ മൊഴി പൂർണമായും പോലീസ് മുഖവിലക്കെടുക്കുന്നില്ല.

ഒളിവിലിരുന്ന സമയത്ത് പിടിയിലായ പ്രതികൾക്ക് കേസ് ദുർബലമാ ക്കുന്നതിനുള്ള വഴികൾ നേതൃത്വം ഉപദേശിച്ചിരുന്നുവെന്ന് പോലീസിന് സംശയമുണ്ട്. സ്‌ത്രീകളെ ഉപയോഗിച്ചും സ്ത്രീകളുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ ഉപയോഗിച്ചും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് നേതൃത്വം സന്ദേശങ്ങൾ കൈമാറുന്നതായുള്ള വിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു.

മുഹമ്മദ് താൻ കേരളത്തിനു പുറത്ത് ഒളിവിൽ പോയെന്നാണ് പോലീസിന് മൊഴി കൊടുത്തത്. എന്നാൽ, ഇയാൾ കേരളത്തിനു പുറത്ത് കടന്നില്ലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുഹമ്മദ് മൊബൈൽ എറിഞ്ഞ് കളഞ്ഞെന്നും കൊലപാതകം നടന്ന ദിവസം ധരിച്ച ഷർട്ട് ബസിൽ മറന്നുവെച്ചു എന്നുമുള്ള മൊഴി പോലീസ് വിശ്വസിക്കുന്നില്ല.

മുഖ്യപ്രതിയടക്കം റിമാൻഡിലായതിനാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ കേസിൽ കൂടുതൽ വിവരം ലഭിക്കൂ. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് അടക്കം കൊലയാളിസംഘത്തിലെ എല്ലാവരെയും അറിയില്ലെന്ന്‌ അറിയിക്കുന്നതു വഴി, ഗുഢാലോചന നടത്തിയതും അക്രമണം നടത്തിയതും ഇവരെ രക്ഷപ്പെടുത്തിയതും അടക്കം പരസ്പരം അറിയാത്ത സംഘങ്ങളാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണോ പ്രതികൾ നടത്തുന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

പോലീസ് സംസ്ഥാനമൊട്ടാകെ എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡുകൾ നടത്തിയിരുന്നു. ഇതിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയതടക്കമുള്ള കേസുകളിലെ പ്രതികൾ പിടിയിലായിരുന്നു.

ഇത്തരം റെയ്ഡുകൾക്ക് താത്‌കാലികമായി അവസാനം കാണുന്നതിനായി നേതൃത്വത്തിന്റെ അറിവോടെ പ്രതികൾ പോലീസിനു മുന്നിൽ കീഴടങ്ങിയതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതേസമയം, കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത എല്ലാവരെക്കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: അഭിമന്യു വധക്കേസിലെ മൂന്നു പ്രതികളെ ജൂലായ് 28-വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാംപ്രതി ജെ.ഐ. മുഹമ്മദ്, അഞ്ചാം പ്രതി ആദിൽ ബിൻ, 25-ാം പ്രതി കെ.കെ. ഷാനവാസ് എന്നിവരെയാണ് വിശദമായ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിട്ടത്.