തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി സുപ്രീകോടതിയിൽ വാദിച്ചതിന് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഘ്‌വി 62 ലക്ഷം രൂപ ആവശ്യപ്പെട്ടു.

പണം നൽകുന്നതുസംബന്ധിച്ച് പിന്നീടു തീരുമാനിക്കുമെന്നു ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ബോർഡ് ഫീസിൽ ഇളവ് ആവശ്യപ്പെട്ടേക്കും.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് കേസ് വാദിക്കാൻ സിംഘ്‌വിയെ ചുമതലപ്പെടുത്തിയത്. പുതിയ സർക്കാർ വന്നെങ്കിലും അഭിഭാഷകനെ മാറ്റിയില്ല. കേസിലെ വാദം ദുർബലപ്പെടാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. നേരത്തേ സുപ്രീംകോടതിയിൽ കേസിന്റെ വക്കാലത്തെടുത്ത അഡ്വക്കേറ്റ് ഓൺ റെക്കോഡ്‌സ് ബീനാ മാധവൻ, നിലവിൽ ഈ ചുമതല വഹിക്കുന്ന സുധീർ എന്നിവരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നു പദ്മകുമാർ പറഞ്ഞു. സിംഘ്‌വിയുടെ കത്ത് ബോർഡിനു മുന്നിലെത്തിയിട്ടില്ലെന്നും ലഭിച്ചാലുടൻ ബോർഡ് ഇക്കാര്യത്തിൽ തീരുമാനിക്കുമെന്നും ബോർഡ് അംഗം കെ.പി. ശങ്കരദാസ് പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന നിലപാട് കോടതിയിൽ വിജയിച്ചില്ലെങ്കിലും ന്യായമായ പ്രതിഫലം നൽകുന്നതിൽ അപാകമില്ലെന്നാണ് ബോർഡിന്റെ നിലപാട്. മോഹൻ പരാശരനെയോ ഗോപാൽ സുബ്രഹ്മണ്യത്തെയോ കേസ് ഏൽപ്പിക്കാനാണ് ഇപ്പോഴത്തെ ബോർഡ് തുടക്കത്തിൽ ആലോചിച്ചിരുന്നത്.

Content Highlights: abhishek manu singhvi demands 62 lakh from devaswom board as fee for appearing sabarimala case