ഇരിങ്ങാലക്കുട: ബി.എം.എസ്. പ്രവര്‍ത്തകനായിരുന്ന വാസുപുരം കാട്ടൂര്‍ വീട്ടില്‍ അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പ്രവര്‍ത്തകരായ അഞ്ചു പ്രതികളെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കേസിലെ ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികളെയും ഏഴാം പ്രതിയെയുമാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. ആകെ പതിനെട്ട് പ്രതികളുണ്ടായിരുന്ന കേസില്‍ 13 പ്രതികളെ കോടതി വെറുതെ വിട്ടു.

കൊടകര വാസുപുരം സ്വദേശികളായ ചെരുപ്പറമ്പില്‍ ഷാന്റോ, കിഴക്കേപ്പുരയ്ക്കല്‍ ജിത്തു, ചവറക്കാടന്‍ ശിവദാസ്, പോട്ടക്കാരന്‍ ഡെന്നീസ്, ഏഴാംപ്രതി ഓട്ടോ ഡ്രൈവര്‍ ഐനിക്കാടന്‍ രാജന്‍ എന്നിവര്‍ക്കാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ ജഡ്ജി ഗോപകുമാര്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിലായി ഓരോ പ്രതികളും 1.15 ലക്ഷം വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു. അതില്‍നിന്ന് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരമായി അഭിലാഷിന്റെ കുടുംബത്തിന് നല്‍കണം. നല്‍കാത്ത പക്ഷം ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍നിന്ന് അത് നല്‍കണമെന്നും കോടതി വിധിച്ചു.

കഴിഞ്ഞ തിരുവോണനാളില്‍ ഉച്ചതിരിഞ്ഞ് നാലിന് വീട്ടില്‍നിന്ന് വിളിച്ചിറക്കിയാണ് അഭിലാഷിനെ കൊലപ്പെടുത്തിയത്. ഓട്ടോ ഡ്രൈവറായ രാജന്‍ അഭിലാഷിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നും ഈ സമയം ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍ ബൈക്കില്‍ വാളുമായി എത്തി അഭിലാഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്.

മുമ്പ് സി.പി.എം. പ്രവര്‍ത്തകനായിരുന്ന അഭിലാഷ് ബി.ജെ.പി.യില്‍ ചേരുകയും വാസുപുരത്ത് ബി.എം.എസിന്റെ ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യം മൂലമാണ് അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് കേസ്.

വെള്ളിക്കുളങ്ങര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കയക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അനുവദിച്ചില്ല. അഡ്വ. എസ്. സുരേശനായിരുന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. പ്രതികള്‍ക്കുവേണ്ടി അഡ്വ. മഞ്ചേരി ശ്രീധരന്‍ നായര്‍ ഹാജരായി.