ആലപ്പുഴ: സിസ്റ്റർ അഭയ കൊലക്കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ കോടതി ശിക്ഷിച്ചെങ്കിലും ഫാ.കോട്ടൂരിന്റെ പൗരോഹിത്യം, സിസ്റ്റര്‍ സെഫിയുടെ സന്ന്യാസ സഭാംഗത്വം നീക്കൽ നടപടികൾ ഇപ്പോഴുണ്ടാകില്ല. ഇവർക്ക് അപ്പീൽസാധ്യത ഉള്ളതുകൊണ്ടാണിത്. ഇവരുടെപേരിലുള്ള ആരോപണങ്ങൾ അവിശ്വസനീയമാണെന്നാണ് കോട്ടയം അതിരൂപതയുടെ പ്രതികരണം. വിധിക്കെതിരേ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ടെന്നും അതിരൂപത വ്യക്തമാക്കുന്നു. ഇതിനർഥം വൈദികപട്ടം നീക്കൽ(ഡീഫ്രോക്കിങ്) നടപടികളിലേക്ക് ഇപ്പോൾ പോകില്ലെന്നാണ്. ഉയർന്ന കോടതികൾ പ്രതികളെ വെറുതേവിടാനുള്ള സാധ്യത കണക്കിലെടുത്താണിത്.

പൗരോഹിത്യംനീക്കൽ മൂന്നുതരത്തിൽ

* തെറ്റായ വിവരം നൽകി വൈദികരാകുന്നവരെയും ആരുടെയെങ്കിലും സമ്മർദംകൊണ്ട് ഈ രംഗത്തുവരുന്നവരെയും ഒഴിവാക്കുന്നത്.

* വൈദികവൃത്തിയിൽനിന്ന് സ്വയം ഒഴിവാകുന്നത്. വൈവാഹികജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് ഇങ്ങനെ ചെയ്യാം.

* ശിക്ഷാനടപടി. അതത് രൂപതകളുടെ മെത്രാൻമാർക്ക് ഇതിനുള്ള നടപടി സ്വീകരിക്കാം. അന്വേഷണക്കമ്മിഷനെവെച്ച് സാക്ഷികളെ വിസ്തരിച്ചാണ് നടപടി പൂർത്തിയാക്കുന്നത്. നീണ്ട പ്രക്രിയയാണിത്. പുറത്താക്കപ്പെട്ടാൽ ഇവർക്ക് വത്തിക്കാനിൽ അപ്പീൽ നൽകാം. ഇതുതള്ളിയാൽ പൗരോഹിത്യം എന്നെന്നേക്കുമായി നഷ്ടപ്പെടും.

മാനന്തവാടി രൂപതയിലെ ഫാ. റോബിൻ വടക്കുംചേരിയെ വൈദികപട്ടത്തിൽനിന്ന്‌ നീക്കിയതാണ് ഇത്തരത്തിൽ അടുത്തകാലത്തുണ്ടായ സംഭവം. ഇയാൾ ബലാത്സംഗംചെയ്ത പെൺകുട്ടി പ്രസവിച്ചിരുന്നു. കുഞ്ഞിന്റെ അച്ഛൻ റോബിനാണെന്ന് ഡി.എൻ.എ. പരിശോധനയിൽ വ്യക്തമായതോടെയാണ് വൈദികവൃത്തിയിൽനിന്ന്‌ വേഗം പുറത്തായത്. ഇക്കാര്യത്തിൽ അപ്പീൽ കൊടുത്തിട്ടും കാര്യമില്ലാത്തതിനാലാണിത്. വൈദികർ കുറ്റകൃത്യങ്ങളിലേർപ്പെട്ടാൽ രൂപതകൾ സസ്പെൻഡുചെയ്യാറുണ്ട്. ഇതോടെ കുർബാന ചൊല്ലാനുള്ള അവകാശം നഷ്ടമാകും. ഏത് അധികാരിക്കുകീഴിലാണോ, അവരാണ് കന്യാസ്ത്രീകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഇവിടെയും അന്തിമാധികാരി വത്തിക്കാനാണ്.

75 വയസ്സാണ് രൂപതാവൈദികരുടെ വിരമിക്കൽപ്രായം. സന്ന്യാസസഭകളുടെ ഭാഗമായ കന്യാസ്ത്രീകൾക്ക്‌ വിരമിക്കൽപ്രായം നിഷ്കർഷിക്കാറില്ലെങ്കിലും 75-നുശേഷം ഓഫീസ് ചുമതലകൾ വഹിക്കാൻ കഴിയില്ല.

Content Highlight: Abhaya murder case: Removal of the priesthood of Fr. Kottur and Sefi