പുലാമന്തോൾ: ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് പുലാമന്തോൾ വടക്കൻ പാലൂർ സ്വദേശി അബ്ദുൽ ഷുക്കൂർ(25) ദെഹ്‌റാദൂണിൽ കൊല്ലപ്പെട്ട കേസിൽ അഞ്ചുപേർ അറസ്റ്റിലായി. ഫാരിസ്, സി. അരവിന്ദ്, ആസിഫ്, സുഫൈൽ മുക്താർ, അഫ്‌സൽ മുഹമ്മദ് എന്നിവരെയാണ് ദെഹ്‌റാദൂൺ പോലീസ് പിടികൂടിയത്. ഇവർ കേരളത്തിൽനിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രിയിൽ പ്രേംനഗറിലെ മാക്‌സ് ആശുപത്രിയിൽ മരിച്ചനിലയിൽ ഷുക്കൂറിനെ ഈ സംഘം എത്തിക്കുകയായിരുന്നു. അവിടെനിന്നും രക്ഷപ്പെട്ട ഇവരെ പോലീസ് പരിശോധനയിൽ പിടികൂടുകയായിരുന്നു.

ദെഹ്‌റാദൂൺ പ്രേംനഗറിലെ സിദ്ധൗല എന്ന സ്ഥലത്തെ വാടകവീട്ടിൽവെച്ച് കഴിഞ്ഞ 20 മുതൽ കൂട്ടാളികൾ ഷുക്കൂറിനെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് 485 കോടി രൂപയോളം മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, മഞ്ചേരി തുടങ്ങിയ ഇടങ്ങളിൽനിന്ന് ഷുക്കൂർ ശേഖരിച്ചിരുന്നതായാണ് വിവരം.

ബിസിനസ്സ് പരാജയപ്പെട്ട് സാമ്പത്തിക പ്രശ്നങ്ങൾ ഉടലെടുത്തതോടെയാണ് ഷുക്കൂറുമായി പ്രശ്നങ്ങൾ തുടങ്ങിയത്. തന്റെ പാസ്‌വേഡ്‌ ബ്ലോക്കായതുകാരണം പണം പിൻവലിക്കാൻ സാധ്യമല്ലെന്ന ഷുക്കൂറിന്റെ മറുപടിയിൽ സംഘം തൃപ്തരായില്ല. പാസ്‌വേഡ്‌ കിട്ടുന്നതിനുവേണ്ടിയാണ് കൂട്ടാളികൾ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതെന്ന് എസ്.എസ്.പി. അരുൺ മോഹൻ ജോഷി പറഞ്ഞു.

ഷുക്കൂറിന്റെ ഇടതുകയ്യിലെ ചൂണ്ടുവിരൽ ഛേദിക്കപ്പെട്ട നിലയിലാണ്. ഇടതുകാൽ തല്ലിയൊടിച്ചിട്ടുണ്ട്. ശരീരമാസകലം കമ്പികൊണ്ട് മുറിവേൽപ്പിച്ച നിലയിലും പുറത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്.

മർദനത്തെത്തുടർന്ന് ബുധനാഴ്ച രാത്രി അബോധാവസ്ഥയിലായ ഷുക്കൂറിനെ സിനർജി ആശുപത്രിയിലും തുടർന്ന് മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും എത്തിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ കൂട്ടാളികൾ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചത് ആശുപത്രി സുരക്ഷാജീവനക്കാർ തടഞ്ഞു. അപ്പോൾ മറ്റ് വഴികളിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് സംഘം ഓട്ടോറിക്ഷയിൽ ദെഹ്‌റാദൂൺ റെയിൽവേ സ്റ്റേഷനിലെത്തി. ആ സമയത്ത് തീവണ്ടിയില്ലാത്തതിനാൽ ഇവർ ബസ്‌മാർഗം 50 കിലോമീറ്റർ അകലെയുള്ള റൂർക്കി എന്ന സ്ഥലത്തെത്തി. അന്വേഷണത്തിൽ ഓട്ടോഡ്രൈവറെ കണ്ടെത്തി ചോദ്യംചെയ്ത് വിവരങ്ങൾ ശേഖരിച്ച പോലീസ് വാഹന പരിശോധനയിൽ വെള്ളിയാഴ്ച ഇവരെ പിടികൂടുകയായിരുന്നു.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന ആഷിഖ്, റിഹാബ്, അർഷാദ്, മുനീഫ്, യാസിൻ എന്നിവരെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പോലീസ്. അബ്ദുൽ ഷുക്കൂറിന്റെ മൃതദേഹം വടക്കൻ പാലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

content highlights: abdul shokkoor murder, five arrested in Dehradun,bitcoin case