കണ്ണൂർ: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൾഖാദർ മൗലവി (79) അന്തരിച്ചു. ജുമുഅ നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീണ മൗലവിയെ കണ്ണൂർ താണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. കബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് സിറ്റി ജുമുഅത്ത് പള്ളി കബർസ്ഥാനിൽ.

1942 ജൂലായ് 15-ന് മുഹമ്മദിന്റെയും വാഴയിൽ മറിയത്തിന്റെയും മകനായി ജനിച്ച അബ്ദുൾഖാദർ മൗലവി 1970 മുതൽ 27 വർഷക്കാലം അഴീക്കൽ കിഫായത്തുൽ ഇസ്‌ലാം മദ്രസ സ്കൂളിൽ അറബി അധ്യാപകനായിരുന്നു. കണ്ണൂർ സഹകരണ സ്പിന്നിങ്‌ മിൽ, കയർഫെഡ് എന്നിവയുടെ ഡയറക്ടറും ഹാൻവീവിന്റെയും കേരള ടെക്സ്റ്റൈൽ കോർപ്പറേഷന്റെയും ചെയർമാനുമായിരുന്നു. കണ്ണൂർ ജില്ലാ കൗൺസിലിലും ജില്ലാപഞ്ചായത്തിലും അംഗമായിരുന്നു. 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.പി.മോഹനനോട് പരാജയപ്പെട്ടു.

ബീഫാത്തുവാണ് ഭാര്യ. മകൾ: റയീസ. മരുമകൻ: എസ്.എ.പി.ഇസ്മായിൽ. സഹോദരങ്ങൾ: പരേതരായ ബീഫാത്തു, അബൂബക്കർ.