കൊല്ലം : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യു.എ.എൻ.) ആധാറുമായി ലിങ്ക് ചെയ്യാൻ കഴിയാത്തത്, സാങ്കേതികക്കുരുക്കിലേക്ക്. ഇ.പി.എഫ്.രേഖകളിലെയും ആധാറിലെയും വിവരങ്ങൾ തമ്മിലുള്ള പൊരുത്തക്കേടാണ് ലിങ്ക് ചെയ്യാനുള്ള തടസ്സം. ആധാറുമായി ലിങ്ക് ചെയ്യാൻ കഴിയാത്തവരുടെ പെൻഷൻ ഫണ്ട് വിഹിതം അടയ്ക്കാൻ കഴിയില്ലെന്നുകാണിച്ച് പി.എഫ്. ഓഫീസിൽനിന്ന് തൊഴിലുടമകൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

എല്ലാമാസവും 15-നാണ് പെൻഷൻ ഫണ്ട് വിഹിതം അടയ്ക്കേണ്ടത്. ആധാർ ലിങ്ക് ചെയ്യാത്തവരുടെ ഈമാസത്തെ വിഹിതമടയ്ക്കാൻ കഴിയില്ല. ഇങ്ങനെയുള്ളവർ വലിയ തുക പിഴ അടയ്ക്കേണ്ടിയും വരും. പേരിലും ഇനിഷ്യലിലും ജനനത്തീയതിയിലും ഫോൺ നമ്പരിലും മറ്റുമുള്ള ചെറിയ വ്യത്യാസംപോലും ആധാർ ലിങ്ക് ചെയ്യുന്നതിന് തടസ്സമാണ്. ഇങ്ങനെയുള്ളവർക്ക് ആധാറിലോ പി.എഫ്.രേഖകളിലോ തിരുത്തുവിരുത്തിയശേഷമേ ലിങ്ക് ചെയ്യാൻ സാധിക്കൂ. ആദ്യകാലത്ത് ആധാറിൽ ജനിച്ചവർഷംമാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ജനനത്തീയതി ഉണ്ടാകില്ല. ഇതൊക്കെ തിരുത്താൻ സമയം വേണ്ടിവരും.

തിരുത്തൽ തൊഴിലുടമ അംഗീകരിക്കുകയും പി.എഫ്. അധികൃതരുടെ അനുമതി വാങ്ങുകയും വേണം. പി.എഫ്.ഓഫീസിൽനിന്ന് ജൂൺ ആദ്യവാരമാണ് ഇതുസംബന്ധിച്ച് തൊഴിലുടമകൾക്ക് അറിയിപ്പ് കിട്ടിയത്. ജൂൺ 15-നുമുൻപ്‌ തിരുത്തുകയും വേണം. ഭൂരിപക്ഷം അംഗങ്ങൾക്കും ഇത് സാധിക്കില്ല. കശുവണ്ടി, കയർ, നെയ്ത്ത് അടക്കമുള്ള പരമ്പരാഗത തൊഴിൽമേഖലകളിലെ പി.എഫ്. വരിക്കാരെ ഇത് സാരമായി ബാധിക്കും. ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള തീയതി നീട്ടിനൽകി പ്രശ്നം പരിഹരിക്കണമെന്ന് വിവിധ സംഘടനകൾ നിവേദനം നൽകിയിട്ടുണ്ട്.

തെറ്റായ നിലപാടിൽനിന്ന് പിന്തിരിയണം

ആധാർ ഉപയോഗവുമായി ബന്ധപ്പെട്ട, സുപ്രീം കോടതി മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണ് ഇ.പി.എഫ്.ഒ.യുടെ നടപടി. ആധാറില്ലെന്നതിന്റെ പേരിൽ അർഹമായ ഒരു ആനുകൂല്യവും നിഷേധിക്കരുതെന്ന് പുട്ടസ്വാമി കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. കേന്ദ്രസർക്കാർ തെറ്റായ നിലപാടിൽനിന്ന് പിന്തിരിയുകയും തൊഴിലാളികളെ സമ്മർദത്തിലാക്കുന്ന നടപടി ഉപേക്ഷിക്കുകയും വേണം. പകർച്ചവ്യാധിയുടെ കാലത്ത് തൊഴിലാളികളെ സമരമുഖത്തേക്ക് തള്ളിവിടുന്ന സ്ഥിതിയുണ്ടാകരുത്.

-എസ്.ജയമോഹൻ,

സംസ്ഥാന വൈസ് പ്രസിഡന്റ്,

സി.ഐ.ടി.യു.