ആലപ്പുഴ: പാർട്ടിവേദികളിൽ സ്ത്രീകൾക്കും യുവാക്കൾക്കും ദളിത് വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം നൽകുമെന്ന് സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ.

സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പ്രാതിനിധ്യം പാർട്ടി കമ്മിറ്റികളിൽ ഉണ്ടാകണമെന്നാണ് ഇക്കുറി സമ്മേളനങ്ങളിൽ നിർദേശിച്ചിരിക്കുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രായപരിധിയും മൂന്നു ടേം കഴിഞ്ഞവരെ മാറ്റിനിർത്തലും ഈ സമ്മേളനത്തിലും ഉണ്ടാവും. ബ്രാഞ്ച് സമ്മേളനങ്ങൾ 15-ന് തുടങ്ങും. 35,179 ബ്രാഞ്ച് സമ്മേളനങ്ങളാണു നടക്കുക. ഇതിലെല്ലാമായി 5,27,174 പാർട്ടിയംഗങ്ങൾ പങ്കെടുക്കും. തുടർന്ന് 2,273 ലോക്കൽ സമ്മേളനങ്ങളും 209 ഏരിയ സമ്മേളനങ്ങളും നടക്കും. 14 ജില്ലയിലെയും സമ്മേളനങ്ങൾ പൂർ‍ത്തീകരിച്ച് മാർച്ച് ആദ്യവാരം സംസ്ഥാന സമ്മേളനം നടത്തും.

പാർട്ടി കൈകാര്യംചെയ്യുന്ന സഹകരണസ്ഥാപനങ്ങളുംമറ്റും മികച്ച നിലയിലെത്തിയതു പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മാർത്ഥതകൊണ്ടാണ്. അത് കൈകാര്യംചെയ്തവരുടെ ഭാഗത്ത് പിഴവുണ്ടായാൽ തിരുത്തിക്കാനുള്ള നടപടികളും സ്വീകരിക്കും.

ത്രിപുരയിൽ സി.പി.എം. നേതാക്കളെയും ഓഫീസുകളും വ്യാപകമായി ബി.ജെ.പി. നശിപ്പിക്കുന്നതിനെതിരേ കേരളത്തിൽ 13-ന് ത്രിപുര ഐക്യദാർഢ്യദിനമായി ആചരിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. ജില്ലാസെക്രട്ടറി ആർ. നാസറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.