ഉപ്പള (കാസര്‍കോട്): കാര്‍ വാങ്ങാൻ മാത്രമല്ല പെട്രോളടിക്കാനും വായ്പയെടുക്കേണ്ട ഗതികേടിലേക്കാണ് എന്‍.ഡി.എ. സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന് പറഞ്ഞു. ഉപ്പളയില്‍ എല്‍.ഡി.എഫ്. വടക്കന്‍മേഖലാ വികസനമുന്നേറ്റ ജാഥ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. ഭരണത്തില്‍ രാജ്യം എല്ലാരംഗത്തും തകർച്ചയിലാണ്. കേന്ദ്ര സര്‍ക്കാരും മറ്റ് സംസ്ഥാനസര്‍ക്കാരുകളും കുത്തകകള്‍ക്കുവേണ്ടി ഭരിക്കുമ്പോള്‍ സാധാരണക്കാരോടുള്ള പ്രതിബദ്ധതയില്‍ ഒരു കുറവും വരുത്താതെ വികസനപദ്ധതികള്‍ നടപ്പാക്കുന്ന ഇടതുസര്‍ക്കാര്‍ രാജ്യത്തിന് മികച്ച മാതൃകയാണ്. ഒരുവിഭാഗം മാധ്യമങ്ങളും കേന്ദ്ര ഏജന്‍സികളും സര്‍ക്കാരിനെതിരേ അപവാദം പ്രചരിപ്പിക്കുകയാണ്. അത് യു.ഡി.എഫും ബി.ജെ.പി.യും ഏറ്റുപിടിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എല്‍.ഡി.എഫ്. ഉയര്‍ത്തിയ സത്യസന്ധമായ നിലപാടിനൊപ്പംനിന്നു. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞും മഞ്ചേശ്വരം എം.എല്‍.എ. എം.സി.ഖമറുദ്ദീനുമെല്ലാം യു.ഡി.എഫ്. ജീര്‍ണതയുടെ ഭാഗമാണ്. ഇടതുഭരണത്തില്‍ കേരളം എല്ലാരംഗത്തും മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ്. എല്‍.ഡി.എഫിന് തുടര്‍ഭരണം ഉറപ്പാണ് -അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയ്ക്കെതിരേ പോരാടാനുള്ള ശക്തി എല്‍.ഡി.എഫിനുമാത്രം- ജോസ് കെ.മാണി
: വര്‍ഗീയതയ്ക്കെതിരേ പോരാടാന്‍ ഇന്ന് എല്‍.ഡി.എഫിനുമാത്രമേ കഴിയുകയുള്ളൂവെന്നും കോണ്‍ഗ്രസ് നേതാക്കളെല്ലാം ബി.ജെ.പി. പാളയത്തിലേക്ക് ചേക്കേറുകയാണെന്നും കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്മാന് ജോസ് കെ.മാണി പറഞ്ഞു. കോണ്‍ഗ്രസിന്റെ നാവായിരുന്ന മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയും കര്‍ണാടകയിലെ എസ്.എം.കൃഷ്ണയും തമിഴ്നാട്ടിലെ ഖുഷ്ബുവും ബി.ജെ.പി.യിലേക്ക് പോയി. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നാളത്തെ ബി.ജെ.പി. നേതാക്കള്‍ എന്നതാണ് സ്ഥിതി- അദ്ദേഹം പറഞ്ഞു.
ജാഥാംഗങ്ങളായ കെ.പി.രാജേന്ദ്രന് (സി.പി.ഐ.), അഡ്വ. പി.സതീദേവി (സി.പി.എം.), പി.ടി.ജോസ് (കേരള കോണ്‍ഗ്രസ് എം.), കെ.ലോഹ്യ (ജനതാദള്‍ എസ്.), പി.കെ.രാജന് (എന്‍.സി.പി.), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്.), കെ.പി.മോഹനന് (ലോക്താന്ത്രിക് ജനതാദള്‍), ജോസ് ചെമ്പേരി (കേരള കോണ്‍ഗ്രസ് ബി.), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍.), ബിനോയ് ജോസഫ് (കേരള കോണ്‍ഗ്രസ്-സ്കറിയ തോമസ്), എ.ജെ.ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ പങ്കെടുത്തു.