തിരുവനന്തപുരം: വൈറസ് എന്ന സിനിമയിൽ ജോജു ജോസഫ് അവതരിപ്പിച്ച ഐസൊലേഷൻ വാർഡിലെ ജീവനക്കാരനായ കഥാപാത്രത്തെ അധികമാരും മറക്കില്ല. വീട്ടിൽപോലും പോകാതെ മൃതദേഹങ്ങൾ ചുമന്നുമാറ്റി, ഡോക്ടർമാർക്കൊപ്പം വാർഡിൽ ജോലിചെയ്ത താത്കാലിക ജീവനക്കാരനായ ആ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരാൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിലുണ്ട്. കൊറോണ ഐസൊലേഷൻ ഒ.പി.യിലും വാർഡിലും ജോലി ചെയ്യുന്ന ബി. പ്രശാന്ത്. അദ്ദേഹം വിശ്രമിച്ചിട്ട് 20 ദിവസമായി. ഡോക്ടറടക്കം മറ്റ് ജീവനക്കാരുടെ അധ്വാനത്തിനൊപ്പം രാത്രിയും പകലും നിൽക്കുന്ന പ്രശാന്തിന് ഈ ജോലി ഒരു നിഷ്‌കാമകർമമാണ്.

കുന്നുകുഴി ബാർട്ടൺഹിൽ ടി.സി. 12 /992 ൽ ബി. പ്രശാന്ത് മൂന്നു കൊല്ലം മുൻപാണ് ആരോഗ്യവകുപ്പിൽ ഗ്രേഡ് രണ്ട് താത്കാലിക ജീവനക്കാരനായത്. അതിനു മുമ്പ്‌ ഓട്ടോ ഡ്രൈവറായിരുന്നു. ജനുവരി 28 മുതൽ ജനറൽ ആശുപത്രിയിൽ കൊറോണ ഐസൊലേഷൻ വാർഡ് തുറന്നപ്പോൾ ആ സംഘത്തിൽ ചേരാൻ പ്രശാന്ത് സ്വയം തീരുമാനിക്കുകയായിരുന്നു. തുടക്കത്തിലെ ഏഴു മണിക്കൂർ ഡ്യൂട്ടി പിന്നീട് രാപകൽ ഭേദമില്ലാത്ത വിധമായി.

രോഗിയുടെ സ്രവം മെഡിക്കൽ കോളേജിലേക്കും ആലപ്പുഴയിലേക്കും പരിശോധനയ്ക്ക് കൊണ്ടുപോകാൻ ചിലർ മടിച്ചപ്പോൾ പ്രശാന്ത് മുന്നോട്ടുവന്നു. രോഗികളുടെ മുറി വൃത്തിയാക്കാനും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയാനും ആഹാരമെത്തിക്കാനും പ്രയത്നിക്കുകയാണ് പ്രശാന്ത്. അവരുടെ ആത്മാർപ്പണത്തിന് തന്നാലായ സഹായമാണ് ചെയ്യുന്നതെന്ന് പ്രശാന്ത് പറയുന്നു. എസ്. പ്രശാന്ത്, സതീഷ് എന്നീ ഗ്രേഡ് 2 ജീവനക്കാരും പ്രശാന്തിനൊപ്പം വാർഡിൽ കർമനിരതരായുണ്ട്. തുച്ഛ വരുമാനക്കാരനാണ് പ്രശാന്ത്. ഭാര്യ ജീബ ബ്യൂട്ടി അഡ്വൈസറാണ്. വിദ്യാർഥികളായ അഞ്ജലി, ആരഭി എന്നിവർ മക്കളും.