പിറവം: ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്തതിനെ തുടര്‍ന്ന് ചേരാതിരുന്ന നിയമസഭയിലെ സാമാജികന്‍ രാമമംഗലം മാമ്മലശ്ശേരി ആനിത്തോട്ടത്തില്‍ എ.ടി. പത്രോസ് (88) അന്തരിച്ചു. തിരഞ്ഞെടുക്കപ്പെട്ടിട്ടും നിയമസഭ കാണാതെപോയ ജനപ്രതിനിധി എന്ന നിലയില്‍ പ്രശസ്തനായിരുന്നു പത്രോസ്.
നിയമസഭാ സ്ഥാനാര്‍ഥിയായതും തിരഞ്ഞെടുക്കപ്പെട്ടതുമടക്കം ജീവിതത്തിലുടനീളം അപൂര്‍വതകള്‍ പുലര്‍ത്തിയിരുന്ന അദ്ദേഹം, തന്റെ 88-ാം പിറന്നാള്‍ ദിനത്തിലാണ് യാത്രയായത്.
ദീര്‍ഘകാലം രാമമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ഗവേണിങ് ബോഡിയംഗം, പാമ്പാക്കുട ബ്ലോക്ക് ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍, മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗം, ആരക്കുന്നം റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാര്‍ധക്യസഹജമായ അസ്വസ്ഥതകളെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 11.50-നായിരുന്നു അന്ത്യം.
ഭാര്യ: ചെങ്ങന്നൂര്‍ മുളക്കുഴ തെക്കേപ്പറമ്പില്‍ കുടുംബാംഗം പരേതയായ ലീല. മക്കള്‍: ആനി അലക്‌സ്, അനില്‍ പീറ്റര്‍ (ഫിനാന്‍സ് കണ്‍ട്രോളര്‍, ആംഫിനോള്‍, പുണെ), ശോഭ പീറ്റര്‍, സുനില്‍ പീറ്റര്‍ (ഇരുവരും ഇടപ്പള്ളി). മരുമകന്‍: തിരുവല്ല കോടിയാട്ട് അലക്‌സ് ജേക്കബ് (റിട്ട. എന്‍ജിനീയര്‍).
സഹോദരങ്ങള്‍: പ്രൊഫ. എ.ടി. വര്‍ഗീസ് (മാമ്മലശ്ശേരി), പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജിന്റെ ഭാര്യ അമ്മു, ഓമന മാത്യു, സാറ സാമുവല്‍ (മൂവരും ബെംഗളൂരു), പരേതരായ ഐക്യരാഷ്ട്ര സഭാ ലേബര്‍ കോടതി ന്യായാധിപന്‍ ഡോ. എ.ടി. മര്‍ക്കോസ്, കുഞ്ഞമ്മ ജോസഫ്, പ്രൊഫ. എ.ടി. എബ്രഹാം, ഡോ. എ. തോമസ്.
മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ 9-ന് മാമ്മലശ്ശേരിയിലെ സ്വവസതിയിലെത്തിക്കും. ശവസംസ്‌കാരം 11-ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഓണക്കൂര്‍ സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
1932 മേയ് 16-ന് മാമ്മലശ്ശേരി ആനിത്തോട്ടതില്‍ തൊമ്മന്‍-ചിന്നമ്മ ദമ്പതിമാരുടെ ഒമ്പത് മക്കളില്‍ അഞ്ചാമനായി ജനിച്ച എ.ടി. പത്രോസ് 1965-ല്‍ യാദൃച്ഛികമായാണ് നിയമസഭാ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പത്രോസിനെ, കേരള കോണ്‍ഗ്രസ് സ്ഥാപകാധ്യക്ഷന്‍ കെ.എം. ജോര്‍ജ് ഏഴക്കരനാട്ടില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ വച്ച് പൊടുന്നനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ഇ.പി. പൗലോസിനെയാണ് പരാജയപ്പെടുത്തിയത്. 1967-ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
എ.ടി. പത്രോസ്: സഭ കാണാത്ത സാമാജികന്‍
പിറവം: ക്രീം കളര്‍ ഡബിളും ജുബ്ബയും ഇടതു തോളില്‍ ടര്‍ക്കി ടവലുമായി തല ഉയര്‍ത്തിപ്പിടിച്ച് ചിരിച്ചുവരുന്ന തങ്ങളുടെ പ്രിയപ്പെട്ട ചെല്ലപ്പന്‍ ചേട്ടനാണ് മാമ്മലശ്ശേരിക്കാര്‍ക്ക് എ.ടി. പത്രോസ്. രാഷ്ട്രീയജീവിതത്തിലുണ്ടായ കയ്പ്പേറിയ അനുഭവമൊന്നും ആ മുഖത്ത് ഒരിക്കലും പ്രതിഫലിച്ചിരുന്നില്ല.
പത്രിക നല്‍കിയിട്ട് വീട്ടിലിരുന്നാല്‍പ്പോലും ജയിക്കും. പക്ഷേ, പ്രയോജനമുണ്ടാകുമോ എന്ന് സംശയമാണ്' എന്ന ജ്യോത്സ്യന്റെ വാക്കുകള്‍ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമായത് അന്തരിച്ച എ.ടി. പത്രോസിന്റെ കാര്യത്തിലാണ്.
1965-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതും ജയിച്ചതുമടക്കമുള്ള സംഭവവികാസങ്ങള്‍ അനുസ്മരിക്കുമ്പോള്‍ എ.ടി. പത്രോസ് പലവട്ടം മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ തുറന്നുപറഞ്ഞിട്ടുള്ള കാര്യമാണിത്. നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തെല്ലാം എ.ടി.പി.യെ കാണുമ്പോള്‍ അദ്ദേഹം തന്റെ ജീവിതത്തിലെ ഈ നിര്‍ഭാഗ്യത്തെപ്പറ്റി തെല്ലും കൂസലില്ലാതെ തന്നെ പറയുമായിരുന്നു. 1965-ല്‍ നടന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് രാഷ്ട്രപതി നിയമസഭ പിരിച്ചുവിടുകയായിരുന്നു.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിനായി ഏഴായിരം രൂപ വീതമാണ് അനുവദിച്ചത്. അന്ന് അതിന്റെ ഇരട്ടി ബാങ്ക് ബാലന്‍സുണ്ടായിരുന്ന താന്‍, പാര്‍ട്ടിയുടെ ഫണ്ട് സ്വീകരിക്കാതെയാണ് പ്രചാരണം നടത്തിയതെന്ന് എ.ടിപി.തന്നെ പറഞ്ഞിട്ടുണ്ട്. 1967-ല്‍ ഒരിക്കല്‍ക്കൂടി എ.ടി.പി. മത്സരരംഗത്തിറങ്ങിയെങ്കിലും വിജയിക്കാനായില്ല.
ജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാനാകാതെ വന്നതിനാല്‍ മുന്‍ എം.എല്‍.എ. എന്ന പദവിയോ ആനുകൂല്യങ്ങളൊ ഒന്നും ലഭ്യമായില്ലെങ്കിലും ചെല്ലപ്പന്‍ ചേട്ടന് യാതൊരു കൂസലുമില്ലായിരുന്നു.
മാമ്മലശ്ശേരിയില്‍ വീട്ടുവളപ്പിലെ കൃഷികള്‍ പരിപാലിച്ചും ഇഷ്ടവിനോദമായ ചീട്ടുകളിച്ചും അയല്‍ക്കാരോടൊത്ത് തമാശ പറഞ്ഞും ജീവിതത്തെ സരസമായി നോക്കിക്കാണുകയായിരുന്നു.
മാമ്മലശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസന സമിതി ചെയര്‍മാനായിരുന്ന അദ്ദേഹം, സമിതി യോഗങ്ങളില്‍ സക്രിയനായിരുന്നു. ലോകബാങ്ക് ഉപദേഷ്ടാവായിരുന്ന ഡോ. കെ.എം. ജോര്‍ജുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന എ.ടി.പി.യുടെ ശതാഭിഷേകം ഊരമന മേല്‍മന റിസോര്‍ട്ടിലായിരുന്നു ആഘോഷിച്ചത്.
അനുശോചിച്ചു
കൊച്ചി: മുന്‍ എം.എല്‍.എ.യും 18 വര്‍ഷക്കാലം രാമമംഗലം പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന എ.ടി. പത്രോസിന്റെ നിര്യാണത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.എന്‍. സുഗതന്‍ അനുശോചനം രേഖപ്പെടുത്തി.