കൊച്ചി : കേരളത്തിന്റെ അതിരിൽ കോവിഡിന്റെ പൂട്ടഴിഞ്ഞുവീണതേയുണ്ടായിരുന്നുള്ളൂ. കബനിയുടെ തീരം അപൂർവമായൊരു രംഗത്തിലേക്കാണ് കണ്ണുതുറന്നത്. കടുവയും കരടിയും നേർക്കുനേർ... കേരളത്തിന് നെല്ലിക്കയെത്തിക്കുന്ന മൈസൂരുകാരൻ സിദ്ദീഖിന്റെ ക്യാമറക്കണ്ണുകൾ തുറന്നടഞ്ഞു.

ലോകം മുഴുവൻ വൈറലായൊരു കടുവ-കരടി പോരാട്ടം രണ്ടുവർഷംമുമ്പ് മഹാരാഷ്ട്രയിലെ തടോബ വന്യജീവിസങ്കേതത്തിൽ നടന്നിരുന്നു. അതുപോലൊന്നിലേക്കാണ് പോക്കെന്ന് തോന്നിച്ചെങ്കിലും കടുവ പിന്തിരിഞ്ഞോടി. മൈസൂരുവിൽ നെല്ലിക്കാത്തോട്ടമുള്ള എം.എച്ച്. സിദ്ദീഖിന്റെ കുടുംബം കേരളത്തിന് നെല്ലിക്ക നൽകിവളർന്നവരാണ്. നെല്ലിക്കയ്ക്കൊപ്പം സിദ്ദീഖ് വന്യജീവി ഫോട്ടോഗ്രാഫിയെയും സ്നേഹിച്ചു.

കടുവയും കരടിയും മുഖാമുഖം നിന്നപ്പോൾ
കർണാടക നാഗർഹോളയിലെ കബനീതീരത്ത് കടുവയും കരടിയും മുഖാമുഖം നിന്നപ്പോൾ. കരടി ആക്രമണഭാവംപൂണ്ട് ഇരുകാലുകളിൽ എഴുന്നേറ്റതോടെ പിന്തിരിയുന്ന കടുവ. വന്യജീവി ഫോട്ടോഗ്രാഫർ എം.എച്ച്. സിദ്ദീഖ് പകർത്തിയ ചിത്രം

കോവിഡിൽ കാടടച്ചതോടെ ക്യാമറയ്ക്ക് പണിയില്ലാതായി. കാട് തുറന്ന ആദ്യദിവസം രാവിലെ കടുവയെ തേടിയിറങ്ങിയതാണ് സിദ്ദീഖും കൂട്ടുകാരും. നാഗർഹോളെയിലെ കബനിതീരത്തെത്തിയപ്പോൾ ഒരു പെൺകടുവ വെള്ളത്തിൽ കിടക്കുന്നതുകണ്ട് പടമെടുപ്പ് തുടങ്ങി. വല്ലാത്തൊരു ശബ്ദംകേട്ടു. പെട്ടെന്ന് കടുവ എഴുന്നേറ്റ് കരയ്ക്കുകയറി.

പൊന്തക്കാടിനുള്ളിൽനിന്ന് ഒരു കരടി ഇറങ്ങിവന്നു. രണ്ടുപേരും അല്പനേരം നേർക്കുനേർനിന്നു. ആക്രമണസൂചന നൽകി, കരടി രണ്ടുകാലിൽ എഴുന്നേറ്റു. അടുത്തനിമിഷം കടുവയ്ക്കുനേരെ പാഞ്ഞടുത്തു. പേടിച്ച കടുവ ജീവനുംകൊണ്ടോടി. ഇതിനിടയിൽ ചിത്രങ്ങളെല്ലാം സിദ്ദീഖിന്റെ ക്യാമറയിൽ പതിഞ്ഞു. സിദ്ദീഖിന്റെ വീഡിയോ വൈറലായി മാറുകയാണ്.

വന്യജീവി ഫോട്ടോഗ്രാഫർ എം.എച്ച്. സിദ്ദീഖ്
വന്യജീവി ഫോട്ടോഗ്രാഫർ എം.എച്ച്. സിദ്ദീഖ്