പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് രണ്ടുവർഷത്തെ കാലാവധി പൂർത്തിയാക്കി 14-ന് പടിയിറങ്ങുകയാണ് എ.പദ്മകുമാർ. പിന്നിട്ട കാലയളവിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

* ശബരിമല വിഷയത്തിൽ സർക്കാർ ഒരുഭാഗത്തും താൻ വിശ്വാസികൾക്കൊപ്പവും എന്നരീതിയിൽ താങ്കൾ പരാമർശിച്ചിരുന്നല്ലോ?

ആ വ്യാഖ്യാനം തെറ്റാണ്. യുവതിപ്രവേശവിഷയത്തിൽ സുപ്രിംകോടതിവിധി വരുകയും മറിച്ചൊരു നിയമനിർമാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകാതിരിക്കുകയുംചെയ്ത സാഹചര്യത്തിൽ, ഭരണഘടനാബാധ്യത നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനും ദേവസ്വം േബാർഡിനും ഉണ്ട്. ഭരണഘടനാസ്ഥാപനം എന്നനിലയിൽ സർക്കാർ ഒരു നിലപാട് സ്വീകരിച്ചു. അതേസമയം, ദേവസ്വം ബോർഡിന് ആചാരാനുഷ്ഠാനങ്ങളുടെ പ്രാമുഖ്യംകൂടി കണക്കിലെടുത്തേ പ്രവർത്തിക്കാനാകൂ. ഇതേക്കുറിച്ചാണ് ഞാൻ പറഞ്ഞത്. ഇത് ഭിന്നതയല്ല. പറയുന്ന ഏതെങ്കിലും കാര്യങ്ങളുടെ ഒരറ്റം വളച്ചൊടിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഈ വ്യാഖ്യാനവും അതിന്റെ ഭാഗംമാത്രം.

* മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും നിലപാടും താങ്കളുടെ നിലപാടും പലപ്പോഴും ഭിന്നമായിരുന്നല്ലോ?

ഒരിക്കലുമല്ല. വിശ്വാസത്തിന് കമ്യൂണിസ്റ്റുകാർ എതിരാണെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിമർശനങ്ങൾ. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കേണ്ട ബാധ്യതയും കമ്യൂണിസ്റ്റുകാർക്കുണ്ട്. തനിക്ക് സർക്കാരിനോടോ പാർട്ടിയോടോ തർക്കമോ ഭിന്നതയോ ഇല്ല; ഇതേവരെ പാർട്ടിയെ വെല്ലുവിളിച്ചിട്ടുമില്ല.

* മുഖ്യമന്ത്രിയുടെ നിലപാടുകൾ കടുത്ത എതിർപ്പിന് കാരണമായിരുന്നല്ലോ?

മുഖ്യമന്ത്രി ശബരിമലയ്ക്ക് എതിരാണെന്ന തെറ്റായ പ്രചാരണം യു.ഡി.എഫും ബി.ജെ.പി.യും നടത്തി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. ശബരിമലയുടെകാര്യത്തിൽ ഇത്രയും താത്പര്യമെടുത്ത മറ്റൊരു മുഖ്യമന്ത്രിയില്ല. ചെറിയ കാര്യങ്ങൾപോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചില ലൈറ്റുകൾ തെളിയാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾവരെ മുഖ്യമന്ത്രി ബോർഡിന്റെ ശ്രദ്ധയിലെത്തിച്ചു. കുന്നാർ ഡാമിൽ മഞ്ഞത്തവളകളെ കണ്ടെത്തിയപ്പോൾ മുഖ്യമന്ത്രിയാണ് ഞങ്ങളെ അറിയിച്ചത്. 1289 കോടിയാണ് ശബരിമലവികസനത്തിന് ഇടതുസർക്കാർ ചെലവിട്ടത്.

* ശബരിമല ക്ഷേത്രവുമായി അടുത്ത ബന്ധം പുലർത്തുന്ന കുടുംബമാണ് താങ്കളുടേത്. സന്നിധാനത്തെ പ്രശ്നങ്ങളും, രണ്ട് യുവതികൾ അവിടെയെത്തിയതും വ്യക്തിപരമായി വേദനിപ്പിച്ചോ?

അതൊന്നും ആരും സൃഷ്ടിച്ച സാഹചര്യങ്ങളല്ല. വലിയ സംഘർഷങ്ങളില്ലാതെ അതൊക്കെ കഴിഞ്ഞല്ലോ. ശബരിമലയിൽ ഏറ്റുമുട്ടലോ രക്തച്ചൊരിച്ചിലോ ഉണ്ടാകരുത് എന്നതിലാണ് ശ്രദ്ധിച്ചത്. ഒരു വെടിവെപ്പോമറ്റോ ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു. അതൊന്നുമുണ്ടായില്ല. അതുതന്നെയാണ് വലിയ കാര്യം.

* തിരിഞ്ഞുനോക്കുമ്പോൾ ?

സംതൃപ്തിയുണ്ട്. സത്യസന്ധമായി ചുമതല നിറവേറ്റി. ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ്, സർവീസ് ചട്ടങ്ങൾ എന്നിവയിൽ വ്യവസ്ഥയുണ്ടാക്കാൻ കഴിഞ്ഞു. ക്ഷേത്രഭൂമി സംരക്ഷിക്കാൻ ശക്തമായി ഇടപെട്ടു. ദേവീദേവന്മാർക്ക് ചാർത്തുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചു. ആലംബഹീനർക്ക് മൂന്നുനേരം ആഹാരം കൊടുക്കാൻ ശരണാശ്രയം പദ്ധതി നടപ്പാക്കി.

* രണ്ടുവർഷം പ്രവർത്തനങ്ങൾക്ക് മതിയായ കാലയളവാണോ?

തീർച്ചയായും. ഇടതുമുന്നണി സർക്കാരിന്റെ ഏറ്റവും ശരിയായ തീരുമാനമാണത്. കാലാവധി ഒരുസാഹചര്യത്തിലും കൂട്ടരുത്.

Content Highlights: Padmakumar clarifies his stand on Sabarimala issue