പത്തനംതിട്ട: കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല യുവതീപ്രവേശ വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാർ.

യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതിവിധി വന്ന നാളുകളിൽത്തന്നെ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. പ്രത്യാഘാതങ്ങൾ ഏറെയുള്ളതിനാൽ മണ്ഡലകാലത്ത് യുവതീപ്രവേശത്തിൽ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിരുന്നെന്നും സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ നടന്ന സംഘടനാചർച്ചയിൽ പദ്മകുമാർ പറഞ്ഞു.

അനിവാര്യമെങ്കിൽ മാസപൂജക്കാലത്തു മാത്രം യുവതീപ്രവേശം അനുവദിക്കുന്നത് ആലോചിക്കണമെന്നും നിർദേശിച്ചു. ഇങ്ങനെയായാൽ സംഘർഷം ഒഴിവാക്കാനാകുമെന്ന് ചിലരുടെ ഉറപ്പ് തനിക്കു ലഭിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഇതെല്ലാം തള്ളിയെന്നും അദ്ദേഹം ആരോപിച്ചു.

പദ്മകുമാറിന്റെ ആരോപണങ്ങൾ പാർട്ടിനേതൃത്വത്തിൽ ചർച്ചയായിട്ടുണ്ട്. അദ്ദേഹത്തിനെതിരേ അച്ചടക്കനടപടി വേണമെന്ന ആവശ്യമുയർത്താനുള്ള തയ്യാറെടുപ്പിലാണ് പാർട്ടിയിലെ ഒരു വിഭാഗം.

പ്രസിഡന്റ് പദവി നഷ്ടമായത് കണ്ണൂരുകാരനല്ലാത്തതിനാൽ

കണ്ണൂർ ജില്ലക്കാരനല്ലാത്തതിനാലാണ് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് കാലാവധി നീട്ടിനൽകാതിരുന്നതെന്നും പദ്മകുമാർ തുറന്നടിച്ചു. പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുത്തുന്ന പീഡനങ്ങളാണ് കഴിഞ്ഞകാലങ്ങളിലുണ്ടായത്.

സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ല. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി നീട്ടിക്കൊടുത്ത മുൻ ബി.ജെ.പി. നേതാവ് ഒ.കെ. വാസുവിനു നൽകിയ പരിഗണനപോലും കിട്ടിയില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.എൻ. ബാലഗോപാൽ, കെ.ജെ. തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Content Highlights: a padmakumar against pinarayi vijayan on sabarimala women entry