പത്തനംതിട്ട: ശബരിമല വിഷയത്തിൽ തന്റെ നിലപാടാണ് ശരിയെന്നു തെളിഞ്ഞതായി സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ കനത്ത തോൽവി ചൂണ്ടിക്കാട്ടിയാണ് പദ്മകുമാർ തുറന്നടിച്ചത്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുമ്പും പദ്മകുമാർ സർക്കാരിനെതിരായ നിലപാടാണ് സ്വീകരിച്ചത്. തന്റെ കുടുംബത്തിൽനിന്ന് യുവതികളാരും ശബരിമലയ്ക്കു പോകില്ലെന്ന് കോടതിവിധി വന്നയുടൻ പദ്മകുമാർ വ്യക്തമാക്കിയിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ നീരസത്തിനും പദ്മകുമാർ വിധേയനായി.

തോൽവിയുടെ കാരണങ്ങൾ പാർട്ടി വിലയിരുത്താൻ തുടങ്ങിയപ്പോൾത്തന്നെ പദ്മകുമാർ ശബരിമല വിഷയം സൂചിപ്പിച്ചു മുഖ്യമന്ത്രിക്കെതിരേ ഒളിയമ്പെയ്തിരുന്നു.

തനിക്കു ചില കാര്യങ്ങൾ പറയാനുണ്ടെന്നറിയിച്ചാണ് പദ്മകുമാർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആഞ്ഞടിച്ചത്. പത്തനംതിട്ടയിൽ വീണാ ജോർജിനെ മത്സരിപ്പിച്ചതിനെയും അദ്ദേഹം വിമർശിച്ചു.

യോഗത്തിൽ സംസാരിച്ച രാജു എബ്രഹാം എം.എൽ.എ.യും ശബരിമല വിഷയം വോട്ടർമാർക്കിടയിൽ അവ്യക്തത സൃഷ്ടിച്ചതായി പറഞ്ഞു. വിഷയത്തിൽ ബോർഡിനു കൂടുതൽ അവസരം നൽകണമായിരുന്നുവെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നുവെന്നാണ് സൂചന.

Content Highlights: A Padmakumar about his stand on Sabarimala Issue