കണ്ണൂർ: നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്റെ പേരിൽ കോൺഗ്രസിന് അനഭിമതനായ അബ്ദുള്ളക്കുട്ടി ബി.ജെ.പി.യിലേക്കെന്ന് സൂചന. അബ്ദുള്ളക്കുട്ടിക്കെതിരേ രൂക്ഷമായ ഭാഷയിലാണ് സാമൂഹികമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പോസ്റ്റുകൾ. വിശദീകരണം ചോദിക്കുകയല്ല, കടുത്തനടപടിതന്നെ ഉണ്ടാവുമെന്ന് കോൺഗ്രസ് സംസ്ഥാനനേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു.

കോൺഗ്രസിൽനിന്ന് അച്ചടക്കനടപടി വന്നാൽ എന്ത് എന്ന ചോദ്യത്തിന് അബ്ദുള്ളക്കുട്ടിയുടെ മറുപടി ഇങ്ങനെ:

എനിക്ക് കോൺഗ്രസിൽ ഇപ്പോൾ ഭാരവാഹിത്വമൊന്നുമില്ല. എവിടെനിന്നാണ് എന്നെ പുറത്താക്കേണ്ടത്. എന്നെ ഒരു കമ്മിറ്റിയിലും ഉൾപ്പെടുത്തിയിട്ടില്ല. മോദിയെക്കുറിച്ച് ഞാൻ പറഞ്ഞകാര്യം പിൻവലിക്കുന്നില്ല. അത് സത്യസന്ധമാണ്. യാഥാർഥ്യവുമാണ്. ബി.ജെ.പി.യിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അദ്ദേഹം ഇത്രകൂടി പറഞ്ഞു: ‘‘പ്രവചനം നടത്താൻ ഞാൻ ജ്യോതിഷിയല്ല. പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകും’’.

ബി.ജെ.പി.യിലേക്ക് എത്തിക്കാൻ ഒരുവിഭാഗം

അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി.യിൽ എത്തിക്കണമെന്നും ന്യൂനപക്ഷമോർച്ചയുടെ ഭാരവാഹിയാക്കണമെന്നും ഒരു വിഭാഗത്തിന് താത്പര്യമുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ഒരു ബി.ജെ.പി. എം.പി. അബ്ദുള്ളക്കുട്ടിയെ ബന്ധപ്പെട്ടതായും അറിയുന്നു. മോദിയെ പുകഴ്ത്തിയതിന്റെപേരിൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട് രക്തസാക്ഷി പരിവേഷത്തോടെയെത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി. നേതാക്കൾ കണക്കുകൂട്ടുന്നത്.

മനസ്സുതുറക്കാതെ അബ്ദുള്ളക്കുട്ടി

കോൺഗ്രസിൽനിന്ന് തഴയപ്പെട്ടതിന്റെ പ്രതിഷേധമാണ് അബ്ദുള്ളക്കുട്ടിയുടെ മനംമാറ്റത്തിന് കാരണമെന്ന് അറിയുന്നു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള നീക്കമാണിതെന്നും കോൺഗ്രസ് കരുതുന്നുണ്ട്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 80 വോട്ടിന് തോൽപ്പിച്ച മഞ്ചേശ്വരം ലീഗിന്റെ സിറ്റിങ് സീറ്റാണ്. യു.ഡി.എഫിനെതിരേ ബി.ജെ.പി. ഒരു മുസ്‌ലിംസ്ഥാനാർഥിയെ നിർത്തി പോരാടുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ ചോദ്യം. താൻ ബി.ജെ.പി.യിലേക്ക് പോകുന്നു എന്ന വാർത്ത അബ്ദുള്ളക്കുട്ടി നിഷേധിച്ചിട്ടില്ല.

സ്വാഗതംചെയ്യുന്നു

അബ്ദുള്ളക്കുട്ടി മോദിയെ പുകഴ്ത്തുന്നത് ഇതാദ്യമല്ല. അത്‌ സ്വാഗതം ചെയ്യുന്നു. അദ്ദേഹം ബി.ജെ.പി.യിൽ വരുന്ന കാര്യത്തെക്കുറിച്ച് ചർച്ചയൊന്നുമുണ്ടായില്ല. ചർച്ചയ്ക്ക് അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കിൽ സ്വാഗതം ചെയ്യുന്നു. മോദിയെ അംഗീകരിക്കുന്ന ആർക്കും ബി.ജെ.പി.യിൽ വരാം. സി.പി.എമ്മിലെ ചില യുവജനനേതാക്കളും ചില കോൺഗ്രസ് നേതാക്കളും ബി.ജെ.പി.യുമായി ബന്ധപ്പെട്ടിട്ടുണ്ട്.- കെ. രഞ്ജിത്ത്, ബി.ജെ.പി. സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ

Content Highlights: A P Abdullakutty stands with his Statements on Modi