വളാഞ്ചേരി: സ്വർണ കള്ളക്കടത്തിന് പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഖുർആനെ മറയാക്കി രക്ഷപ്പെടാനുള്ള മന്ത്രി കെ.ടി. ജലീലിന്റെ തന്ത്രം മന്ത്രിസഭയിൽനിന്നു മാത്രമല്ല മുസ്‌ലിം സമുദായത്തിൽനിന്നും പുറത്താക്കേണ്ട കുറ്റമാണെന്ന് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.

സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയനായ മന്ത്രി ജലീലിന്റെ രാജിയാവശ്യപ്പെട്ട് ന്യൂനപക്ഷ മോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ വളാഞ്ചേരിയിലുള്ള വീട്ടിലേക്കുനടന്ന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷമോർച്ച ജില്ലാപ്രസിഡന്റ് സത്താർ ഹാജി കള്ളിയത്ത് അധ്യക്ഷതവഹിച്ചു. ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി തോമസ്, ജനറൽ സെക്രട്ടറിമാരായ ജോസഫ് പടമാടൻ, അജി തോമസ്, ബി.ജെ.പി. സംസ്ഥാനസെക്രട്ടറി എസ്. സുരേഷ്, ജില്ലാപ്രസിഡന്റ് രവി തേലത്ത്, മേഖലാ വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, ബാദുഷ തങ്ങൾ എന്നിവർ പ്രസംഗിച്ചു.

വളാഞ്ചേരി നഗരത്തിൽനിന്നാരംഭിച്ച മാർച്ച് മന്ത്രിയുടെ വീടിനുസമീപം പോലീസ് തടഞ്ഞു. ന്യൂനപക്ഷമോർച്ച നേതാക്കളായ ലിജോയ് പോൾ, ഷാജി ജോർജ്, റിഷാൽ മുഹമ്മദ്, ആത്തിക്ക അബ്ദുറഹ്‌മാൻ, ഹുസൈൻ വരിക്കോടൻ, കുഞ്ഞിക്കോയ മുസ്‌ലിയാർ എന്നിവർ മാർച്ചിന് നേതൃത്വംനൽകി.

Content Highlights: A.P.Abdullakutty criticises K.T.Jaleel