കൊച്ചി: സ്കൂളിലെ പൊടിമൂടിക്കിടന്ന ബെഞ്ചും ഡസ്കുമെല്ലാം തുടച്ച് ക്ലാസ്‌മുറികൾ അടിച്ചുവാരി കഴുകിവൃത്തിയാക്കുന്നു. കാടുപടർന്ന സ്കൂൾമുറ്റം വെട്ടിയൊതുക്കി മനോഹരമാക്കുന്നു. കൊട്ടുവള്ളിക്കാട് ഗവ. എൽ.പി. സ്കൂളിൽ കണ്ടുമുട്ടുമ്പോൾ ശുചീകരണജോലികളുടെ തിരക്കിലായിരുന്നു ബേബി എന്ന 62-കാരൻ.

ഇതെല്ലാം ബേബിയെ ആരെങ്കിലും ഏൽപ്പിച്ച ജോലിയല്ല. സ്കൂളുകൾ തുറക്കുന്നതറിഞ്ഞ് സൗജന്യ സേവനത്തിനെത്തിയതാണ് അദ്ദേഹം. 20 വർഷമായി ഇങ്ങനെയാണ് ബേബിയുടെ ജീവിതം. സ്കൂൾ, കോളേജ്, ബസ്‌സ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ, ബീച്ച്, മാർക്കറ്റ് തുടങ്ങിയ പൊതുഇടങ്ങളിലെല്ലാം ആരുംപറയാതെതന്നെ ബേബി ശുചീകരണത്തിനെത്തും.

മൂത്തകുന്നം കൊട്ടുവള്ളിക്കാട് സ്വദേശിയായ ബേബി ഓട്ടോ ഓടിച്ചാണ് ഭാര്യയും രണ്ടു മക്കളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബം പോറ്റുന്നത്. വാടകക്കെടുത്ത ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുമ്പോഴും ശുചീകരണം ബേബിക്കു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്.

“നമ്മുടെ വീടും അടുക്കളയും വൃത്തിയാകണം എന്നു മാത്രമേ എല്ലാവർക്കും ചിന്തയുള്ളൂ. നമ്മുടെ വീട്ടിലെ മാലിന്യം പുറത്തേക്കു വലിച്ചെറിയുക എന്നതാണ് മിക്കവരുടെയും മനോഭാവം. നമ്മുടെ നാടു ശുചിയാക്കാൻ എന്നെക്കൊണ്ടു പറ്റുന്നതുപോലെ ചെയ്യുക എന്നു മാത്രമേ ഞാൻ കരുതിയിട്ടുള്ളൂ”- ബേബി പറഞ്ഞു.

ബേബിയുടെ ശുചീകരണ പ്രവർത്തനങ്ങൾ കണ്ടു പ്രതിഫലം നൽകാനൊരുങ്ങിയാൽ സ്നേഹപൂർവം നിരസിക്കും. “കാശു മേടിച്ചാൽ പിന്നെ ഞാൻ ചെയ്യുന്ന ജോലിക്കു എന്ത് അർഥമാണുള്ളത്”- ബേബി ചോദിക്കുന്നു. ഓട്ടോയിൽ എപ്പോഴും ചൂലും പുല്ലുമാന്തിയും അടിച്ചുവാരിയും ബ്രഷും ബക്കറ്റും കരുതിയാണ് യാത്ര. യാത്രയ്ക്കിടയിൽ മാലിന്യംകണ്ടാൽ യാത്രക്കാരനെ നിശ്ചിത സ്ഥാനത്ത് എത്തിച്ച ശേഷം മടങ്ങിയെത്തി ബേബി ഉടനെ അവിടെ ശുചീകരിക്കും. ഏറ്റവും വലിയ മോഹം എന്താണെന്നു ചോദ്യത്തിന് “ആവതുള്ളിടത്തോളംകാലം ശുചീകരണ ജോലികൾ ചെയ്യണം. പിന്നെ ഒരു ഓട്ടോ സ്വന്തമായി വാങ്ങണമെന്ന മോഹവും” എന്നാണ് ഉത്തരം.