കോഴിക്കോട്: ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെച്ചു. പരാതിക്കാരിയായെത്തിയ സ്ത്രീയോട് ഫോണില്‍ അശ്ലീലസംഭാഷണം നടത്തിയെന്ന വാര്‍ത്ത സ്വകാര്യചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് രാജി. പിണറായി വിജയന്‍ മന്ത്രിസഭയിലെ എന്‍.സി.പി. പ്രതിനിധിയാണ് ശശീന്ദ്രന്‍. പകരം മന്ത്രി ഉടനുണ്ടാവില്ലെന്ന് എന്‍.സി.പി. നേതൃത്വം വ്യക്തമാക്കി.

ഞായറാഴ്ച പകല്‍ ആറുമണിക്കൂറിനുള്ളിലാണ് മന്ത്രിയുടെ രാജിയില്‍ കലാശിച്ച നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. സംസ്ഥാനമന്ത്രിസഭയിലെ ഒരംഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുണ്ടാവുമെന്ന് രാവിലെ ഒന്‍പതുമുതല്‍ ചാനല്‍ പ്രഖ്യാപിച്ചു. രണ്ടുമണിക്കൂറിനുശേഷം ഫോണ്‍സംഭാഷണവും പിന്നാലെ മന്ത്രിയുടെ പേരും പുറത്തുവിട്ടു.

കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് മുണ്ടക്കര എ.യു.പി.സ്‌കൂളില്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ശശീന്ദ്രന്‍ വാര്‍ത്തയറിഞ്ഞു. തുടര്‍ന്നുള്ള പരിപാടികള്‍ റദ്ദാക്കി ഗസ്റ്റ്ഹൗസിലെത്തി തിരക്കിട്ട കൂടിയാലോചനകള്‍ നടത്തി.

രാജിവെക്കേണ്ടെന്ന് ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും പറഞ്ഞെങ്കിലും രാഷ്ട്രീയധാര്‍മികത മുന്‍നിര്‍ത്തി മന്ത്രി തീരുമാനത്തില്‍ ഉറച്ചുനിന്നു. പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും മുന്നണിക്കും സര്‍ക്കാറിനും ക്ഷീണമുണ്ടാക്കുന്നതൊന്നും തന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

തിരുവനന്തപുരത്ത് എ.കെ.ജി.സെന്ററില്‍ സി.പി.എം. സംസ്ഥാന സമിതി യോഗത്തിനിടയിലാണ് ഈ വാര്‍ത്തയെത്തിയത്. പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്, ''ആരോപണം ഗൗരവമുള്ളതാണ്'' എന്നായിരുന്നു മുഖ്യമന്ത്രി പിണറായിവിജയന്റെ മറുപടി.

അതിനുശേഷം മൂന്നുമണിയോടെ ശശീന്ദ്രന്‍ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ രാജി പ്രഖ്യാപിച്ചു. ആരോപണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന്, അതേക്കുറിച്ചൊന്നും ഈ ഘട്ടത്തില്‍ പറയുന്നില്ലെന്നും അക്കാര്യവും അന്വേഷിക്കണമെന്നായിരുന്നു മറുപടി. ശബ്ദശകലം മന്ത്രിയുടേതുതന്നെയല്ലേ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് താന്‍ അതു കേട്ടില്ലെന്നായിരുന്നു മറുപടി.

പാര്‍ട്ടിയുടെയും മുന്നണിയുടെയും നേതൃത്വത്തോടും മുഖ്യമന്ത്രിയോടും ആലോചിച്ചശേഷമാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. അന്വേഷണം നടക്കുമ്പോള്‍ മന്ത്രിസ്ഥാനത്തു തുടരുന്നത് ശരിയല്ല. മുന്നണിയുടെയും സര്‍ക്കാരിന്റെയും ഉന്നതധാര്‍മികനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് രാജി. ശരദ് പവാറുമായി സംസാരിച്ചെന്നും തോമസ് ചാണ്ടി എം.എല്‍.എ.യെ ഫോണില്‍ കിട്ടിയില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

മന്ത്രി ശശീന്ദ്രന്റെ രാജി കുറ്റസമ്മതമാണെന്ന വ്യാഖ്യാനത്തിന് അടിസ്ഥാനമില്ലെന്ന് എന്‍.സി.പി. ദേശീയ സെക്രട്ടറി ടി.പി. പീതാംബരന്‍ മാസ്റ്റര്‍ കൊച്ചിയില്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച് അന്വേഷണം നടക്കട്ടെ. ആരോപണം തെറ്റെന്നു തെളിഞ്ഞാല്‍ മന്ത്രിസ്ഥാനത്തു തിരിച്ചെത്തുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

പിണറായിമന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്ന രണ്ടാമനാണ് എ.കെ. ശശീന്ദ്രന്‍. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് മന്ത്രി ഇ.പി. ജയരാജന്‍ നേരത്തേ രാജിവെച്ചിരുന്നു.