കോഴിക്കോട്: ‘‘എന്റെ പേരിൽ പാർട്ടിയിലെ ഒരു പ്രവർത്തകനും തലകുനിക്കേണ്ടി വരില്ല. എന്റെ പേരിൽ ലജ്ജിക്കേണ്ട സാഹചര്യം ഉണ്ടാക്കില്ലെന്നാണ് എലത്തൂരിലെ വോട്ടർമാരോടും പറഞ്ഞത്” -എ.കെ.എസ്. എന്ന  ജനകീയൻ ജനങ്ങൾക്ക് അന്ന് നൽകിയ വാക്കിൽ ഉറച്ചുനിന്നാണ് മന്ത്രിപദം രാജിവെച്ചത്.

രാജിക്കാര്യത്തിലെ ആരോപണത്തിൽ കഴമ്പുണ്ടോ, നിഗൂഢതയുണ്ടോ എന്നൊന്നും അന്വേഷിക്കാതെയെടുത്ത തീരുമാനം രാഷ്ട്രീയത്തിൽ  തുടർന്നുവന്ന ധാർമികതയാണ് തെളിയിക്കുന്നത്. അപ്രതീക്ഷിതമായി വന്ന ആരോപണത്തെ തികച്ചും സംയമനത്തോടെയാണ് എ.കെ.ശശീന്ദ്രൻ ഞായറാഴ്ച അഭിമുഖീകരിച്ചത്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലെ വിജയം  അദ്ദേഹത്തിന്റെ ജനസമ്മതി വിളിച്ചോതുന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിന്‌ വിജയിച്ചത് ശശീന്ദ്രനായിരുന്നു.
 29,057 വോട്ടിന്റെ ഭൂരിപക്ഷം. അതിനുമുമ്പിലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ  ഭൂരിപക്ഷം 14,654 വോട്ടായിരുന്നു. രണ്ടുതവണയും പ്രതിനിധീകരിച്ചത് എലത്തൂർ മണ്ഡലം. 

അരനൂറ്റാണ്ടായി  പൊതുപ്രവർത്തനരംഗത്തുണ്ട്. ഈ കാലയളവിലൊന്നും കേൾക്കാത്ത ആരോപണമാണ് ഇപ്പോഴുണ്ടായത്. സത്യം പിന്നീട് പുറത്തുവന്നുകൊള്ളും. അതുവരെ പാർട്ടിക്കോ മുന്നണിക്കോ ദോഷം വരരുതെന്ന  നിലപാടിലൂന്നിയായിരുന്നു രാജി.

കണ്ണൂർ എളയാവൂർ സ്വദേശിയായ എ.കെ.ശശീന്ദ്രൻ കെ.എസ്.യു.വിലൂടെയാണ് പൊതുരംഗത്ത് വന്നത്. കെ.എസ്.യു. ജില്ലാപ്രസിഡന്റ്, സംസ്ഥാനജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, സംസ്ഥാനജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 

1980-ൽ എൽ.ഡി.എഫിലെത്തി. 82 മുതൽ 99 വരെ കോൺഗ്രസ് എസിന്റെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1980ൽ പെരിങ്ങളം മണ്ഡലത്തിൽ ജനതാപാർട്ടിയിലെ കെ.ജി.മാരാരെ തോൽപിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് എടക്കാട്, ബാലുശ്ശേരി മണ്ഡലത്തെയും പ്രതിനിധീകരിച്ചു.