തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വ വിതരണം തുടങ്ങാനിരിക്കെ, സംഘടന പിടിക്കാൻ സംയുക്തനീക്കവുമായി എ, ഐ ഗ്രൂപ്പുകൾ. ഒരുമിച്ചിരുന്നുള്ള ചർച്ച തുടങ്ങിയില്ലെങ്കിലും കൈകോർത്ത് പോകണമെന്നും പരസ്പരം മത്സരിക്കേണ്ടെന്നുമുള്ള ധാരണ അണിയറയിൽ രൂപപ്പെട്ടു.

നിയമസഭയിലേക്ക് രണ്ടാംതവണയും തോൽവി നേരിടുകയും കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തും നിയമസഭാ നേതൃത്വത്തിലും മാറ്റംവരികയും ചെയ്തതോടെയാണ് പരമ്പരാഗത ഗ്രൂപ്പുകൾ പ്രതിസന്ധി മുന്നിൽക്കണ്ടത്. കെ. സുധാകരൻ-വി.ഡി. സതീശൻ അച്ചുതണ്ട് നേതൃത്വം ഏറ്റെടുത്തതോടെ ഇരു ഗ്രൂപ്പുകളിലും അലയൊലികളുണ്ടായി. പുതിയ ടീമിനൊപ്പം പഴയ ഗ്രൂപ്പുകളിലെ വിശ്വസ്തരിൽ ചിലർ അണിനിരന്നു.

കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കെ. മുരളീധരൻ എന്നിവരൊക്ക പഴയ ഗ്രൂപ്പിൽനിന്ന് അകലംപാലിച്ചാണ് നിൽക്കുന്നത്. സ്വാഭാവികമായും സുധാകരന് അവരുടെ പിന്തുണയുണ്ടാകും. നിലവിലെ പുനഃസംഘടനയിലൂടെ ഭാരവാഹിത്വത്തിൽ വരുന്നവർവഴിയുള്ള അധികപിന്തുണയും പ്രതീക്ഷിക്കും.

എ, ഐ ഗ്രൂപ്പുകളിൽനിന്ന് ആരാകും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുകയെന്ന ചർച്ചയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. ജില്ലതിരിച്ച് ചുമതല നൽകി അംഗത്വവിതരണവും മറ്റും ഏകോപിപ്പിക്കാനാണ് ഗ്രൂപ്പുകൾ ഉദ്ദേശിക്കുന്നത്. ഓൺലൈനായും അംഗങ്ങളെ ചേർക്കാം. അംഗത്വവിതരണ പുസ്തകങ്ങൾ നവംബർ രണ്ടാം ആഴ്ചയെത്തും.

ബ്ലോക്ക് തലത്തിൽനിന്നാണ് കെ.പി.സി.സി. അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എന്നതിനാൽ അതിൽ കേന്ദ്രീകരിച്ചാകും പ്രവർത്തനം. 280 കെ.പി.സി.സി. അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് രമേശ് ചെന്നിത്തലതന്നെ മത്സരിച്ചേക്കാം. അല്ലെങ്കിൽ എ ഗ്രൂപ്പിൽനിന്ന് മത്സരിക്കുന്ന ആളിന് ഐ പിന്തുണ നൽകിയേക്കാം.

പുതിയ ഭാരവാഹികളുടെ യോഗം രണ്ടിന്

പുതുതായി നിയമിക്കപ്പെട്ട കെ.പി.സി.സി. ഭാരവാഹികൾ, എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവരുടെ യോഗം നവംബർ രണ്ടിന് ചേരും. തുടർന്ന് ഡി.സി.സി.തല പുനഃസംഘടനയിലേക്കു നീങ്ങാനാണ് ഉദ്ദേശിക്കുന്നത്.