തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (കെ.ടി.ഡി.സി.) 97 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. വിവാദം ഒഴിവാക്കാൻ ഇതുസംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിക്കുന്നത് വൈകിച്ചു. ഫെബ്രുവരി 16-നാണ് റിസപ്ഷനിസ്റ്റ്, ഹൗസ്‌കീപ്പർ, വെയ്റ്റർ, അസിസ്റ്റൻറ്‌ കുക്ക്, ഹെൽപ്പർ തസ്തികയിലുള്ളവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയത്.

10 വർഷമായി താത്കാലിക തസ്തികയിൽ തുടരുന്നവരെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സ്ഥിരനിയമനം ആവശ്യപ്പെട്ട് കരാർ ജീവനക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കെ.ടി.ഡി.സി. സർക്കാരിന് ശുപാർശ നൽകിയത്.

എട്ടുവർഷം സർവീസുള്ള 153 ജീവനക്കാരുടെ പട്ടികയാണ് നൽകിയിരിക്കുന്നത്. ഇതിൽ 10 വർഷം സർവീസുള്ളവരെയാണ് സ്ഥിരനിയമനത്തിനു പരിഗണിച്ചത്.