തിരുവനന്തപുരം: കൂടുതൽ വായ്പയെടുത്താൽ തിരിച്ചടവ് ഉറപ്പാക്കാനാകുമെന്ന അസറ്റ് ലയബിലിറ്റ് മാനേജ്‌മെന്റ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ കിഫ്ബി തീരുമാനിച്ചു. 932.69 കോടിയുടെ 10 പദ്ധതികൾക്കുകൂടി ഭരണസമിതി അംഗീകാരം നൽകി. ഇതോടെ, 64,344 കോടിയുടെ 912 പദ്ധതികളാണ് ഇതുവരെ കിഫ്ബി ഏറ്റെടുത്തത്.

ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷനിൽനിന്ന് 1100 കോടി വായ്പയെടുക്കാനാണു തീരുമാനം. 500 കോടി ജലവിതരണ പദ്ധതികൾക്കും 600 കോടി ആരോഗ്യമേഖലയിലും ഉപയോഗിക്കും. ഇതിന് കേന്ദ്രസർക്കാരിൻറെ അനുമതി ആവശ്യമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇതിനൊപ്പം, 1000 കോടിയുടെ ആഭ്യന്തര ബോണ്ടുകൾ പുറത്തിറക്കും.

വിവിധ ബാങ്കുകൾ, ഡെവലപ്‌മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയിൽനിന്നുള്ള വായ്പകൾ, ബോണ്ടുകൾ എന്നിവയിലൂടെ 9104.81 കോടിയുടെ വായ്പ എടുത്തിട്ടുണ്ട്. മോട്ടോർവാഹന നികുതി-പെട്രോളിയം സെസ് എന്നീ ഇനത്തിൽ 8848.91 കോടി ഇതിനകം കിഫ്ബിക്കു ലഭിച്ചിട്ടുണ്ട്.

പുതിയ പദ്ധതികൾ

* എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആശുപത്രികളിൽ 10 കിടക്കകളോടുകൂടി ഐസൊലേഷൻ വാർഡ്.

* കോട്ടയം- നാലുകോടി, തൃശ്ശൂർ നെല്ലായി, തിരുവനന്തപുരം വെൺകുളം എന്നിവിടങ്ങളിൽ റെയിൽവേ മേൽപ്പാലം.

* അഞ്ച് സ്കൂളുകൾക്ക് കെട്ടിടത്തിന് 10.77 കോടി.

* പിണറായി ഉമ്മഞ്ചിറ പുഴയ്ക്കു കുറുകെ ചേക്കുപാലത്ത് റഗുലേറ്റർ കം ബ്രിഡ്ജ്.

* ചെല്ലാനത്ത് കടൽഭിത്തിനവീകരണവും പുലിമുട്ട് നിർമാണവും.

* കോവളം-കാസർകോട് ജലപാതയ്ക്കുവേണ്ടി കോവളം-ആക്കുളം, വേളി-കഠിനകുളം, വർക്കല എന്നിവിടങ്ങളിൽ 1275 കുടുംബങ്ങൾക്കുള്ള പുനരധിവാസപദ്ധതി.

* ആലുവ, നെടുമങ്ങാട് നഗരസഭകളിൽ ആധുനിക മാർക്കറ്റ്, കലൂരിൽ അറവുശാല.

* 26 മത്സ്യമാർക്കറ്റുകളുടെ നിർമാണം.

ആരോഗ്യമേഖലയിലെ ഗ്രീൻ പദ്ധതികൾ

* തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ രണ്ടാംഘട്ട നിർമാണം.

* കോട്ടയം ജനറൽ ആശുപത്രിയിൽ 375 കിടക്കകളുള്ള കെട്ടിടനിർമാണം.

* കോന്നി മെഡിക്കൽ കോളേജിൽ 200 കിടക്കകളുള്ള കെട്ടിടം.

* കോഴിക്കോട് ജനറൽ ആശുപത്രി കെട്ടിടനവീകരണവും ശസ്ത്രക്രിയാ ബ്ലോക്ക് നിർമാണവും.