കോട്ടയം: പ്രളയബാധയുണ്ടാകാത്ത ഇടങ്ങളിലും ദുരിതാശ്വാസത്തിന് അപേക്ഷ വാങ്ങി മൃഗസംരക്ഷണവകുപ്പ്. എല്ലാ പഞ്ചായത്തുകളിലും വെറ്ററിനറി ഡോക്ടർമാരോട് അപേക്ഷകളിൽ ശുപാർശ നൽകി വിടാനാണ് വകുപ്പ് നിർദേശിച്ചത്. വ്യാജവിവരം നൽകി ദുരിതാശ്വാസം സ്വീകരിക്കുന്നത് 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം രണ്ടു വർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമായിരിക്കെയാണ് ഇൗ തട്ടിപ്പ്.
റീബിൽഡ് കേരളയിൽ അനുവദിച്ച 77 കോടി രൂപ, പ്രളയത്തിൽ വളർത്തുമൃഗങ്ങളും അനുബന്ധകാര്യങ്ങളും നഷ്ടമായവർക്ക് വിതരണം ചെയ്യുന്നതിനാണ് കേരളം മുഴുവൻ അപേക്ഷ സ്വീകരിച്ചത്.
2018-ലെ പ്രളയത്തിൽ സംസ്ഥാനത്ത് 171.35 കോടി രൂപയുടെ നഷ്ടമാണ് മൃഗസംരക്ഷണമേഖലയിലുണ്ടായത്. മൃഗങ്ങൾ ചത്തത്, കൂടുകളുടെ നാശം, കാലിത്തീറ്റ നാശം എന്നിവയെല്ലാം ഇതിൽ വരും. കാലിത്തീറ്റ നിർമ്മാണം, പാൽ, മാംസസംസ്കരണം എന്നിവയുടെ യന്ത്രങ്ങളും പ്രളയത്തിൽ നശിച്ചിരുന്നു. ഇവയ്ക്ക് പകരമായി മൃഗങ്ങളെ വാങ്ങാനും പാൽ, മാംസ, കാലിത്തീറ്റ സംസ്കരണ, നിർമ്മാണയന്ത്രങ്ങൾ സജ്ജമാക്കാനുമാണ് റീബിൽഡ് കേരളയിലെ ലക്ഷ്യം. എല്ലാ പഞ്ചായത്തുകളിലും വിതരണം ചെയ്ത ഫോറത്തിൽ കൃഷിക്കാർ സത്യവാങ്മൂലം നൽകണം. ഇതിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, വെറ്ററിനറി സർജൻ എന്നിവരാണ് സാക്ഷ്യപ്പെടുത്തേണ്ടത്.
2018-ലെ പ്രളയത്തിൽ മൃഗസംരക്ഷണമേഖലയിൽ വലിയ നാശമുണ്ടായ ജില്ലകൾ ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, വയനാട് എന്നിവയാണ്. ആലപ്പുഴയിൽ മാത്രം 5000 ലക്ഷം രൂപയുടെ നാശമുണ്ടായി. മറ്റിടങ്ങളിൽ ശരാശരി 2000 ലക്ഷം വീതവും. ഇവിടങ്ങളിലെ അർഹർക്ക് പോലും വിതരണം ചെയ്യാൻ തികയാത്ത തുകയാണ് ഒരു പ്രശ്നവും നേരിടാത്ത ജില്ലകളിൽക്കൂടി പങ്കുവെക്കുന്നത്. വെറ്ററിനറി ഡോക്ടർമാർ പലരും തെറ്റായ വിവരം സാക്ഷ്യപ്പെടുത്താൻ വിസമ്മതിച്ചെങ്കിലും പഞ്ചായത്ത് സാരഥികൾ ഒപ്പിട്ട് നൽകാൻ പ്രേരിപ്പിക്കുകയാണ്.
Content Highlight: 77 cr Flood relief fund for unaffected areas