കൊച്ചി: മരടിൽ നാല് സ്ഥലത്തായി മലപോലെ കുന്നുകൂടിയിരിക്കുന്ന കോൺക്രീറ്റ് അവശിഷ്ടം നീക്കം ചെയ്യാൻ ആകെയുള്ളത് 13 മണ്ണുമാന്തി യന്ത്രങ്ങൾ മാത്രം. നാല് ഫ്ളാറ്റുകൾ തകർത്തപ്പോൾ 76,360 ടൺ കോൺക്രീറ്റ് അവശിഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇത് നീക്കംചെയ്യാനാണ് 13 മണ്ണുമാന്തി യന്ത്രം. കമ്പികളും മറ്റും പൊളിച്ചെടുത്ത കോൺക്രീറ്റ് മാലിന്യം ഇതുവരെ നീക്കിത്തുടങ്ങിയിട്ടില്ല.

ഗോൾഡൻ കായലോരം ഫ്ലാറ്റിന്റെ അവശിഷ്ടത്തിൽ നിന്ന് ഇതുവരെ കമ്പി നീക്കാനുള്ള ജോലികളും തുടങ്ങിയിട്ടില്ല. 45 ദിവസമാണ് ഇരുമ്പ് നീക്കാൻ അനുവദിച്ചിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഇത് സാധിക്കുമോ എന്ന് സംശയമുണ്ട്. ഇരുമ്പ് നീക്കംചെയ്ത ശേഷമുള്ള കോൺക്രീറ്റ് അവശിഷ്ടം നീക്കാനാണ് 25 ദിവസം കൂടി സർക്കാർ അനുവദിച്ചിരിക്കുന്നത്.

നാല് ഫ്ലാറ്റുകളുടെയും കോൺക്രീറ്റ് അവശിഷ്ടത്തിൽ നിന്ന് ഇരുമ്പ് നീക്കാനുള്ള ചുമതല വിജയ് സ്റ്റീലിനാണ്. ആൽഫ ഫ്ലാറ്റ് സ്ഫോടനത്തിലൂടെ തകർത്ത കമ്പനിയാണിത്. എഡിഫിസ് കമ്പനി എച്ച്.ടു.ഒ., ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം തുടങ്ങിയ കെട്ടിടങ്ങളുടെ അവശിഷ്ടത്തിൽനിന്ന് ഇരുമ്പ് എടുക്കാനുള്ള അവകാശം നേരത്തെ തന്നെ വിജയ് സ്റ്റീലിന് കൈമാറിയിരുന്നു. എഡിഫിസിന്റെ ഏതാനും ജീവനക്കാർ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.

കെട്ടിടാവശിഷ്ടം വേഗത്തിൽ നീക്കം ചെയ്യുന്നതിന് അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നാണ് മരട് നഗരസഭാ അധികൃതർ ആവശ്യപ്പെടുന്നത്.

കെട്ടിടങ്ങൾ തകർത്തതിന്റെ പിറ്റേന്ന് വന്നതല്ലാതെ നോഡൽ ഓഫീസറായ സബ് കളക്ടർ പ്രദേശം സന്ദർശിച്ചിട്ടില്ലെന്ന് ആൽഫ സെറീൻ ഫ്ലാറ്റ് ഇരിക്കുന്ന മേഖലയിലെ കൗൺസിലർ ദിഷ പ്രതാപൻ പറഞ്ഞു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സബ് കളക്ടർ മരട് നഗരസഭയിൽ എത്തിയെങ്കിലും കെട്ടിടാവശിഷ്ടം കാണാൻ പോയില്ല.

നാല് സൈറ്റിലുമായി 13 മണ്ണുമാന്തി യന്ത്രമാണ് കോൺക്രീറ്റിൽനിന്ന് ഇരുമ്പ് വേർതിരിക്കാനായി ഉപയോഗിക്കുന്നതെന്ന് വിജയ് സ്റ്റീലിന്റെ പാർട്‌ണറായ സിദ്ദിഖ് പറഞ്ഞു. 200 തൊഴിലാളികൾ ഉണ്ടെന്ന് ഇദ്ദേഹം അവകാശപ്പെട്ടു. 50 തൊഴിലാളികളെക്കൂടി അടുത്ത ദിവസം കൊണ്ടുവരുമെന്നും പറഞ്ഞു.

എച്ച്.ടു.ഒ. ഫ്ലാറ്റിന്റെ കെട്ടിടാവശിഷ്ടത്തിൽനിന്ന് ഇരുമ്പ് നീക്കാൻ രണ്ടു ദിവസമായി നാല് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നുണ്ട്. 10 ശതമാനം കോൺക്രീറ്റിൽനിന്ന് ഇരുമ്പ് നീക്കിയിട്ടുണ്ടെന്നാണ് സിദ്ദിഖ് അവകാശപ്പെട്ടത്. കോൺക്രീറ്റ് അവശിഷ്ടം ഇവിടെ നിന്ന് നീക്കാൻ ഇനിയും സമയം എടുക്കുമെന്നാണ് സിദ്ദിഖ് പറഞ്ഞത്. പ്രോംപ്റ്റ് കമ്പനിക്കാണ് കോൺക്രീറ്റ് അവശിഷ്ടം നീക്കാനുള്ള കരാർ.

ജെയിൻ കോറൽ കോവ് ഫ്ലാറ്റ് കെട്ടിടാവശിഷ്ടത്തിൽ നിന്ന് ബുധനാഴ്ച മുതൽ നാല് മണ്ണുമാന്തി ഉപയോഗിച്ച് ഇരുമ്പ് നീക്കംചെയ്യുന്ന ജോലികൾ തുടങ്ങി. ആൽഫ സെറീനിൽ രണ്ട് മണ്ണുമാന്തി യന്ത്രമാണ് ഇരുമ്പ് വേർതിരിക്കാനായി ഉപയോഗിക്കുന്നത്.

Content Highlights: 76,360 ton building waste and 13 JCBs to clean maradu flat demolition wastes