തിരുവല്ല: ഫ്ലാറ്റിലെ ഗ്രില്ലിന്റെ പൂട്ട് അബദ്ധത്തിൽ വീണതിനെത്തുടർന്ന് ബാൽക്കണിയിൽ കുടുങ്ങിപ്പോയ എഴുപതുകാരിക്ക് ഒരു രാത്രി മുഴുവൻ ദുരിതം. ഒടുവിൽ കെട്ടിടത്തിന്റെ എതിർവശത്ത്, അടുത്തദിവസം രാവിലെ പണിക്കെത്തിയ തൊഴിലാളികളാണ് രക്ഷയ്ക്ക് കളം ഒരുക്കിയത്.

തിരുവല്ല മനയ്ക്കച്ചിറയിലെ എ.വി.എം. ഫ്ളാറ്റിന്റെ മൂന്നാം നിലയിൽ താമസിച്ചിരുന്ന ചെങ്ങന്നൂർ തിരുവൻവണ്ടൂർ അമ്പലപ്പാട്ട് അച്ചാമ്മക്കുട്ടിക്കാണ് അബദ്ധം പറ്റിയത്. ബന്ധുക്കൾ പുറത്തുപോയതിനാൽ ഫ്ളാറ്റിൽ ഇവർ തനിച്ചായിരുന്നു. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബാൽക്കണിയിൽ ഇറങ്ങിയ അച്ചാമ്മ അതിന്റെയും മുറിയുടെയും ഇടയിലുള്ള ഗ്രില്ല് തള്ളിനീക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ പൂട്ടുവീഴുകയായിരുന്നു. ഇതോടെ ബാൽക്കണിയിൽനിന്ന് അകത്തേക്ക് കയറാനാകാതെ ഇവർ വലഞ്ഞു.

പുറംഭാഗം ചില്ലിട്ട് അടച്ചിരുന്നതിനാൽ നിലവിളിച്ചിട്ടും ആരും കേട്ടില്ല. രാത്രി മുഴുവൻ ബാൽക്കണിയിൽ കഴിയേണ്ടിവന്നു. വെള്ളിയാഴ്ച രാവിലെ കെട്ടിടത്തിന്റെ എതിർവശത്ത് പണിക്കെത്തിയ തൊഴിലാളികൾ ചില്ലിൽത്തട്ടി കൈകാട്ടി വിളിക്കുന്ന അച്ചാമ്മയെ കണ്ടു. ഇവർ പോലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചു.

ഒമ്പതുമണിയോടെ അഗ്നിരക്ഷാസേനയുടെ റെസ്ക്യൂ ടീം എത്തി ഫ്ലാറ്റിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് രക്ഷിച്ചത്. സീനിയർ റെസ്ക്യൂ ഓഫീസർ സുന്ദരേശൻ നായർ, ഓഫീസർമാരായ ശ്രീനിവാസ്, വിനീത്, ജിതിൻ, ശരത്, ഹോംഗാർഡ് സജിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.