തിരുവനന്തപുരം: സ്നേഹയ്ക്കും നാടിനും ആഹ്ലാദിക്കാം. അവളുടെ പള്ളിക്കൂടത്തിന് ‘നേരം പുലർന്നിരിക്കുന്നു’.

സ്നേഹയുടെ സ്കൂളായ പാലക്കാട് കുഴൽമന്ദം ജി.എച്ച്.എസിന് പുതിയ കെട്ടിടം നിർമിക്കാൻ ഏഴുകോടി രൂപ നൽകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ പ്രഖ്യാപിച്ചു. പള്ളിക്കൂടത്തിന് പുതുപുലരി സമ്മാനിച്ചത് സ്നേഹയുടെ കവിതയാണ്‌.

ഈ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ് സ്നേഹ. അവളെഴുതിയ’’ നേരം പുലരുകയും സൂര്യൻ സർവതേജസ്സോടെ ഉദിക്കുകയും ...’’ എന്നു തുടങ്ങുന്ന മഹാമാരിയെ അതിജീവിക്കുന്ന പ്രതീക്ഷയുടെ വരികൾ ചൊല്ലിയാണ് ഇത്തവണ ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. പൊതുവിദ്യാലയങ്ങളിലെ പ്രതിഭാധനരായ കുട്ടികളുടെ പ്രതിനിധിയായാണ് സ്നേഹയെ മന്ത്രി അവതരിപ്പിച്ചത്. എന്നാൽ, സ്നേഹ പഠിക്കുന്ന പള്ളിക്കൂടത്തിന്റെ പരിതാപകരമായ അവസ്ഥ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. മാതൃഭൂമി ന്യൂസിലെ ചർച്ചയിൽ പള്ളിക്കൂടത്തിന് പുതിയ കെട്ടിടം നിർമിക്കുമെന്ന് മന്ത്രിതന്നെ സ്നേഹയ്ക്ക് ഉറപ്പുനൽകി.

ബജററ്‌ ചർച്ചയിലും സ്നേഹയുടെ സ്കൂളിന്റെ ദുരവസ്ഥ പറഞ്ഞ് പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചു. വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിന് രണ്ടുവർഷംമുമ്പ് മൂന്നുകോടി സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ, കെട്ടിടത്തിന്റെ രൂപകല്പന തയ്യാറാക്കുന്നത് വൈകിയെന്ന് മന്ത്രി പറഞ്ഞു. കെട്ടിടം പണിയാൻ ഒന്നര ഏക്കർസ്ഥലവും സൗജന്യമായി കിട്ടിയിരുന്നു. ആദ്യം നൽകിയ മൂന്നുകോടിയുടെ ഭരണാനുമതി റദ്ദാക്കിയാണ് ഏഴുകോടി അനുവദിച്ചത്.

വാടകക്കെട്ടിടങ്ങളിലെ സ്കൂളുകൾ നവീകരിക്കും

സ്നേഹകാരണം നിർണായകമായ പ്രശ്‌നമാണ് സർക്കാരിന്റെ ശ്രദ്ധയിൽവന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 92 സ്കൂളുകൾ കേരളത്തിലുണ്ട്. ഈ കെട്ടിടങ്ങൾ ഉടമകൾ നന്നാക്കാത്തതിനാൽ തകർച്ചയിലാണ്. ഇവയെല്ലാം നവീകരിക്കാൻ പ്രത്യേക പരിപാടി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.