Prabhavathiyamma
പ്രഭാവതിയമ്മ

കൊല്ലം : അറുപത്തിയേഴുവയസ്സ് പ്രഭാവതിയമ്മയ്ക്ക് ’അത്രവല്യ’ പ്രായമൊന്നുമല്ല. പെട്രോൾ പമ്പിൽ തുടരെയെത്തുന്ന വാഹനങ്ങളിൽ പെട്രോളും ഡീസലും നിറയ്ക്കാനും ഡിജിറ്റൽ ഇടപാടുകൾ കൃത്യമായി നടത്താനും ചെറുപ്പത്തിന്റെ കരുത്തുമായി ഓടിനടക്കുകയാണവർ. മുളങ്കാടകം ദേവി ഫ്യൂവൽസിൽ 2007 മുതൽ ജോലിനോക്കുകയാണ് പ്രഭാവതിയമ്മ.

വർഷങ്ങളോളം തേവള്ളിയിലെ കയർ ഫാക്ടറിയിൽ തൊഴിലെടുക്കുകയായിരുന്നു അവർ. അനാരോഗ്യംമൂലം അവിടത്തെ ജോലിയിൽ തുടരാനായില്ല. തിയേറ്റർ തൊഴിലാളിയായിരുന്ന ഭർത്താവ് ബാബുവിന്റെ വരുമാനംകൊണ്ട് രോഗബാധിതനായ മകന്റെയും രണ്ടു പെൺമക്കളുടെയും കാര്യങ്ങളും വീട്ടുവാടകയും കൊടുക്കാൻ കഴിയാത്ത സ്ഥിതി. മറ്റൊരു ജോലി അന്വേഷിച്ചിറങ്ങിയ പ്രഭാവതിയമ്മയോട് പരിചയക്കാരിയായ സ്ത്രീയാണ് പെട്രോൾ പമ്പിൽ ജോലി ഒഴിവുണ്ടെന്നു പറഞ്ഞത്. തുടക്കത്തിൽ 1,500 രൂപയായിരുന്നു മാസശമ്പളം. വേഗത്തിൽത്തന്നെ കാര്യങ്ങൾ മനസ്സിലാക്കിയ അവർ ജോലിയിൽ മികവു കാട്ടി. പണമിടപാടുകളിൽ വന്ന മാറ്റങ്ങളൊന്നും പ്രതിസന്ധിയായില്ല. സഹപ്രവർത്തകരോട് സംശയങ്ങൾ ചോദിച്ചുമനസ്സിലാക്കി എല്ലാം പഠിച്ചെടുത്തു. ഇപ്പോൾ ഡിജിറ്റൽ ഇടപാടുകൾവരെ അതിവേഗത്തിൽ നടത്താൻ പ്രാപ്തയാണവർ. ഭർത്താവിന്റെ മരണശേഷം കുടുംബം പുലർത്തിയത് പമ്പിൽനിന്നുള്ള വരുമാനംകൊണ്ടാണ്.

ചുറുചുറുക്കും ജോലിയിലെ ആത്മാർഥതയുംകൊണ്ട് ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാൻ പമ്പുടമയായ ഗോവിന്ദും പ്രഭാവതിയമ്മയ്ക്ക് അനുവാദം നൽകി. ഉച്ചയ്ക്കു തുടങ്ങി രാത്രി ഒൻപതുമണിവരെയുള്ള സമയത്താണ് പമ്പിലുണ്ടാകുക. പമ്പിന് തൊട്ടടുത്തുതന്നെയുള്ള വാടകവീട്ടിൽ മക്കളായ ബിജുവിനും പ്രീതയ്ക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് പ്രഭാവതിയമ്മയുടെ താമസം.

’’അറിയാവുന്ന തൊഴിൽ കഴിയുന്നിടത്തോളം കാലം ചെയ്തുജീവിക്കണം. ആരെയും ആശ്രയിക്കാതെ കഴിയണം. കഴിയുമെങ്കിൽ ഒരു ചെറിയ വീടുണ്ടാക്കണം,’’ പ്രഭാവതിയമ്മയുടെ മോഹങ്ങൾ ഇതൊക്കെയാണ്.

Content Highlight: 67 old women works in petrol pump