കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം ബയോ മൈനിങ് നടത്തുന്നതിനായി നൽകിയ ടെൻഡർ വിവാദത്തിലേക്ക്. മാലിന്യം നീക്കുന്നതിന് 54 കോടിയുടെ ടെൻഡറാണ് സ്വകാര്യകമ്പനിക്ക് നൽകിയിരിക്കുന്നത്. ഇടപാടിൽ അഴിമതിയാരോപിച്ച് കോൺഗ്രസ് രംഗത്ത്.

സി.പി.എമ്മിന്റെ ഒരു ഉന്നതനേതാവിന്റെ മകളും മരുമകനും ഉടമകളായ കമ്പനിക്കാണ് ടെൻഡർ നൽകിയിരിക്കുന്നത്. ടെൻഡർ വ്യവസ്ഥകളിൽ ഇളവുനൽകിയാണ് പ്രവൃത്തി ഏല്പിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി. സെക്രട്ടറിയും മുൻ മേയറുമായ ടോണി ചമ്മണി ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുമ്പ് കോൺഗ്രസ് അംഗങ്ങൾ കൊച്ചി നഗരസഭായോഗത്തിലും വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കെ.എസ്.ഐ.ഡി.സി.യാണ് മാലിന്യം നീക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചത്. മാലിന്യം കുന്നുകൂടി കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായുള്ള പരാതിയെത്തുടർന്ന്, ഗ്രീൻ ട്രിബ്യൂണൽ, അതുനീക്കാൻ സംസ്ഥാനസർക്കാരിനും കോർപ്പറേഷനും അന്ത്യശാസനം നൽകുകയായിരുന്നു. ഇതേത്തുടർന്ന് മാലിന്യം നീക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത സർക്കാർ അതിനുള്ള ചുമതല കെ.എസ്.ഐ.ഡി.സി.യെ ഏല്പിച്ചു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചതും മാലിന്യം ബയോ മൈനിങ് നടത്തി പ്രവൃത്തിപരിചയമുള്ളതുമായ കമ്പനികളിൽനിന്നാണ് കെ.എസ്.ഐ.ഡി.സി. ടെൻഡർ ക്ഷണിച്ചത്. എന്നാൽ, ബയോ മൈനിങ് നടത്തി പരിചയമില്ലാത്ത, സ്വകാര്യകമ്പനിക്കാണ് ടെൻഡർ ഉറപ്പിച്ചിരിക്കുന്നതെന്നാണ് ആരോപണം. ടെൻഡർ വ്യവസ്ഥകൾ കാറ്റിൽപ്പറത്തി യോഗ്യതയില്ലാത്ത കമ്പനിക്ക് പിൻവാതിലിലൂടെ കരാർ ഉറപ്പിച്ചിരിക്കുകയാണെന്ന് ടോണി ചൂണ്ടിക്കാട്ടി. തിരുനൽവേലി മുനിസിപ്പൽ കോർപ്പറേഷനിൽ മാലിന്യസംസ്‌കരണം നടത്തിയ തെറ്റായരേഖ സമർപ്പിച്ചാണ് കമ്പനി ടെൻഡറിൽ പങ്കെടുത്തിരിക്കുന്നത്.

ഇക്കാര്യങ്ങൾ ഉന്നയിച്ച് കൊച്ചി നഗരസഭാ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് അംഗങ്ങൾ വലിയ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും പ്രതിപക്ഷത്തിന്റെ വിയോജിപ്പുകളോടെ ടെൻഡർ നടപടികൾ അംഗീകരിക്കുകയായിരുന്നു. ഇതിനെതിരേ വിജിലൻസ് കോടതിയെ സമീപിക്കുമെന്നും ടോണി ചമ്മിണി വ്യക്തമാക്കി.