തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍കാരുടെ എണ്ണം 51 ലക്ഷമായി ഉയര്‍ന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന 34 ലക്ഷം പേരില്‍ പകുതിയോളം പേര്‍ക്ക് ഒരു സാമൂഹിക പെന്‍ഷന്‍ കൂടി അനുവദിക്കാന്‍ തീരുമാനിച്ചതോടെയാണിത്. ഇടതുസര്‍ക്കാരിന്റെ കാലത്ത് ഏകദേശം 10 ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്‍ഷന്‍ നല്‍കിയിരുന്നത്.

സംസ്ഥാനത്ത് ഇപ്പോള്‍ 5 വിഭാഗങ്ങളിലായി ആകെ 34 ലക്ഷത്തില്‍പ്പരം പെന്‍ഷന്‍കാരാണുള്ളത്. ഇവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പ്രതിമാസം 240 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നു. 14,400 കോടി രൂപയാണ് അഞ്ചുവര്‍ഷം കൊണ്ട് വിതരണം ചെയ്തത്. തൊഴില്‍വകുപ്പ് വഴി കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, അസംഘടിത തൊഴിലാളി പെന്‍ഷന്‍, മരംകയറ്റ തൊഴിലാളി പെന്‍ഷന്‍, കൈത്തറി തൊഴിലാളി പെന്‍ഷന്‍, ബീഡിത്തൊഴിലാളി പെന്‍ഷന്‍, ചുമട്ടുതൊഴിലാളി പെന്‍ഷന്‍, കശുവണ്ടി തൊഴിലാളി പെന്‍ഷന്‍, തയ്യല്‍ത്തൊഴിലാളി പെന്‍ഷന്‍ എന്നിവ നല്‍കുന്നു.
 
1,511 കോടിരൂപ ഈ ഇനത്തില്‍ വിതരണം ചെയ്തു. 2013 ല്‍ കൃഷിവകുപ്പ് 60 വയസ് കഴിഞ്ഞ 3.35 ലക്ഷം ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പ്രതിമാസം 600 രൂപ നിരക്കില്‍ കര്‍ഷക പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇതിന് രണ്ടുവര്‍ഷം കൊണ്ട് 400 കോടി രൂപ വിനിയോഗിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.