തലശ്ശേരി: തലശ്ശേരിയിൽ ബി.ജെ.പി. പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചു സി.പി.എം. പ്രവർത്തകരെ ജീവപര്യന്തം കഠിനതടവിനും 1,10,000 രൂപവീതം പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(മൂന്ന്) ജഡ്ജി പി.എൻ.വിനോദാണ് പ്രതികളെ ശിക്ഷിച്ചത്. രണ്ടു പ്രതികൾ കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വെറുതെവിട്ടു. ഇല്ലത്തുതാഴെ സൗപർണികയിൽ കെ.വി.സുരേന്ദ്രനാണ്(64) കൊല്ലപ്പെട്ടത്. 2008 മാർച്ച് ഏഴിന് രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം. ഇല്ലത്തുതാഴെയുള്ളവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ. ഒന്നാംപ്രതി ഇല്ലത്തുതാഴെ പി.പി.അനന്തൻ റോഡിൽ മാറോളി ഹൗസിൽ എം.അഖിലേഷ്(35), മൂന്നുമുതൽ ആറുവരെ പ്രതികളായ മാണിക്കോത്ത് വീട്ടിൽ ബിജേഷ്(35), മണ്ടോത്തുങ്കണ്ടി ഹൗസിൽ എം.കലേഷ്(39), ഊരാങ്കോട്ടുമീത്തൽ പി.കെ.ഷൈജേഷ് എന്ന ഷൈജു(31), വാഴയിൽ ഹൗസിൽ കെ.സി.വിനീഷ്(30) എന്നിവരെയാണ് ശിക്ഷിച്ചത്. രണ്ടാംപ്രതി ഇല്ലത്തുതാഴെ കെ.വിജേഷ്(39), ഏഴാംപ്രതി ഊരാങ്കോട്ട് ചാലിൽ ഹൗസിൽ ഷബിൻ(33) എന്നിവരെ വെറുതെവിട്ടു.

പിഴയടയ്ക്കുന്നില്ലെങ്കിൽ ആറുമാസം തടവനുഭവിക്കണം. വീട്ടിൽ അതിക്രമിച്ചുകയറിയതിന് അഞ്ചുവർഷം തടവും 10,000 രൂപവീതം പിഴയും അടയ്ക്കണം. പിഴയടയ്ക്കുന്നില്ലെങ്കിൽ മൂന്നുമാസം തടവനുഭവിക്കണം. തടഞ്ഞുവെച്ചതിന് പ്രതികൾക്ക് ഒരുമാസം തടവും വിധിച്ചു. ആയുധം കൈവശം വെച്ചതിന് ഒന്ന്, മൂന്ന് പ്രതികളെ ആറുമാസം തടവിനും സംഘം ചേർന്നതിന് നാലുമുതൽ ആറുവരെ പ്രതികളെ മൂന്നുമാസം കഠിനതടവിനും ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽമതി. പിഴയടച്ചാൽ തുക അവകാശികൾക്ക് നൽകണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.ജെ.മാത്യു, സുരേന്ദ്രന്റെ ഭാര്യ സൗമിനിക്കുവേണ്ടി അഡ്വ. പി.പ്രേമരാജൻ എന്നിവർ ഹാജരായി.

വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതികൾ നേരത്തേ ജനസംഘം പ്രവർത്തകനും ബി.ജെ.പി. അനുഭാവിയുമായ സുരേന്ദ്രനെ കിടപ്പുമുറിയിൽ കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യ സൗമിനിയെ ഭീഷണിപ്പെടുത്തി ബലമായി പിടിച്ചുമാറ്റിയാണ് കൊലനടത്തിയത്. തലശ്ശേരി മേഖലയിൽ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്ന സമയത്താണ് കൊലപാതകം നടന്നത്. രണ്ടു ദിവസങ്ങളിലായി നടന്ന അക്രമത്തിൽ ബി.ജെ.പി.-സി.പി.എം. പ്രവർത്തകരായ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു.

ഭാര്യയുടെ മൊഴി നിർണായകമായി

സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സൗമിനിയുടെ മൊഴി കോടതി വിശ്വസനീയമായിക്കണ്ടു. വീട്ടിൽവെച്ച് നടന്ന സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ് സൗമിനി. സുരേന്ദ്രനും ഭാര്യയും വീട്ടിലുള്ളപ്പോഴാണ് അക്രമം നടന്നത്. സൗമിനി കോടതിയിൽ തിരിച്ചറിഞ്ഞ പ്രതികളെയാണ് ശിക്ഷിച്ചത്. ഏഴാംപ്രതി ഷബിനെ സാക്ഷി തിരിച്ചറിഞ്ഞില്ല. രണ്ടാം പ്രതി വിജേഷ് ആക്രമിച്ചില്ലെന്നായിരുന്നു മൊഴി. അതിനാൽ ഇരുവരെയും കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെവിട്ടു. രാത്രി എട്ടുമണിക്കാണ് അക്രമം നടന്നത്. ഒരുമണിക്കൂർ കഴിഞ്ഞ് പോലീസെത്തിയാണ് സുരേന്ദ്രനെ ആസ്പത്രിയിലെത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുലർച്ചെ ഒരുമണിക്ക് സുരേന്ദ്രൻ മരിച്ചു.

content highlights: 5 Kerala CPI-M workers sentenced to life for BJP worker's murder