കൊച്ചി: ദേശീയപാതകളിലെ ടോൾപിരിവിന് ഫാസ്ടാഗ് നിർബന്ധമാക്കിയപ്പോഴും ടാഗ് പതിപ്പിച്ചത് 45 ശതമാനം വാഹനങ്ങൾമാത്രം. ഫാസ്ടാഗ് പതിപ്പിക്കാത്ത വാഹനങ്ങൾക്ക് കടന്നുപോകാൻ കൂടുതൽ ട്രാക്ക് അനുവദിച്ച് ഒരുമാസത്തെ ഇളവുകൂടി നൽകിയിട്ടുണ്ട്. ഫാസ്ടാഗ് നിർബന്ധമായതോടെ ടോൾപ്ലാസകൾക്കു സമീപമുള്ളവർക്കു നൽകിയിരുന്ന ലോക്കൽപാസിന് പുതിയ പദ്ധതിയും നടപ്പാക്കും.
ഡിസംബറിൽ ഫാസ്ടാഗ് ആദ്യമായി നിർബന്ധമാക്കിയപ്പോൾ 25 ശതമാനം വാഹനങ്ങളാണ് ടാഗ് പതിപ്പിച്ചതെന്നാണ് അധികൃതരുടെ കണക്ക്. അന്ന് ടോൾപ്ലാസയിലെ എട്ടുവരികളിൽ രണ്ടെണ്ണമായിരുന്നു ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങൾക്കു നൽകിയത്. ഒരു മാസത്തെ ഇളവിനുശേഷം ജനുവരി 15-ന് ഫാസ് ടാഗ് വീണ്ടും നിർബന്ധമാക്കിയപ്പോൾ 20 ശതമാനം വാഹനങ്ങൾകൂടി ടാഗിലേക്കു വന്നു. എട്ടുവരി ട്രാക്കിൽ ആറെണ്ണവും ടാഗ് ഉള്ള വാഹനങ്ങൾക്കായി നീക്കിവെച്ച അധികൃതർക്ക് വാഹനങ്ങളുടെ ക്യൂ നീണ്ടതോടെ പിന്നീട് ഇതിൽ രണ്ടെണ്ണംകൂടി ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കു വിട്ടുനൽകേണ്ടിവന്നിരുന്നു.
ഒരു മാസം കഴിഞ്ഞാൽ
അടുത്ത ഒരുമാസത്തേക്ക് എട്ടുവരി ട്രാക്കിൽ പകുതി ഫാസ്ടാഗിനും ബാക്കി ഇല്ലാത്തവർക്കും നീക്കിവെക്കാനാണു തീരുമാനം. ഒരുമാസം കഴിഞ്ഞാൽ നിയമാനുസൃതമായി പരമാവധി ട്രാക്കുകൾ ഫാസ് ടാഗിനായി നീക്കിവെക്കും.
ഇരട്ട യാത്രാപാസ് ഇനിയില്ല
ടോൾപ്ലാസയിൽ ഫാസ്ടാഗ് ഇല്ലാത്തവർക്കുള്ള ഇരട്ട യാത്രാപാസ് (റിട്ടേൺ യാത്ര) റദ്ദാക്കി. ഇനി മുതൽ പണം നൽകി കടന്നുപോകുന്നവരെല്ലാം ഓരോ യാത്രയ്ക്കും വെവ്വേറെ പാസ് എടുക്കണം. ഇതുവരെ ഒരുതവണ പോകാൻ 75 രൂപയും 24 മണിക്കൂറിനകം തിരിച്ചുവരികയാണെങ്കിൽ 105 രൂപയുമായിരുന്നു ടോൾനിരക്ക്.
നാട്ടുകാർക്ക് പുതിയ പദ്ധതി
ഫാസ്ടാഗ് വന്നതോടെ ലോക്കൽപാസുകൾക്കായി അധികൃതർ പുതിയ പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. ആദ്യതവണ 265 രൂപ മുടക്കി ലോക്കൽപാസുകാരും ഫാസ്ടാഗ് എടുക്കണം. അതിനുശേഷം ഓരോ മാസവും നാമമാത്രമായ തുകയായ ഒരുരൂപ ഈടാക്കി ടാഗ് പുതുക്കുന്ന സംവിധാനമാണ് കൊണ്ടുവരുന്നത്. ബാങ്കുകളുമായി ആലോചിച്ച് ഈ പദ്ധതി പ്രാവർത്തികമാക്കാനാണ് അധികൃതരുടെ ശ്രമം.
Content Highlights: 45 percent vehicles have only Fastag