ആലപ്പുഴ: ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളിൽ രക്ഷിതാക്കൾ കുട്ടികളെ എത്തിക്കാതിരുന്നതിനാൽ സംസ്ഥാനത്തെ 4,90,645 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാനായില്ല. തുള്ളിമരുന്ന് വിതരണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ മലപ്പുറം ജില്ലയാണ്. ഇവിടത്തെ 46 ശതമാനം കുട്ടികൾക്കും പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി നടന്ന ജനുവരി 19-ന് പോളിയോ തുള്ളിമരുന്ന് നൽകിയിട്ടില്ല.

സംസ്ഥാനത്തെ 24,50,477 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 19,59,832 കുട്ടികൾക്ക് 19-ന് തുള്ളിമരുന്ന് നൽകി. ആകെ കുട്ടികളുടെ 80 ശതമാനമാണിത്. 20 ശതമാനം കുട്ടികൾ ഇപ്പോഴും വാക്സിനേഷന് പുറത്താണ്.

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, തുടങ്ങിയ സ്ഥലങ്ങളിലടക്കം 23,466 ബൂത്തുകൾ സജ്ജമാക്കിയിരുന്നു. ഇവിടേക്ക് രക്ഷിതാക്കൾ കുട്ടികളെ കൊണ്ടുവന്നില്ല. മലപ്പുറവും കാസർകോടും പാലക്കാടും തുള്ളിമരുന്നിനോട് മുഖം തിരിച്ചപ്പോൾ ഇടുക്കി, തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകൾ 90 ശതമാനം കടന്നു.

ചൊവ്വാഴ്ചവരെ വീടുകളിൽ നേരിട്ടെത്തി ആരോഗ്യവകുപ്പ് അധികൃതർ തുള്ളിമരുന്ന് നൽകും. എന്നാൽ, ഇതിനോട് മുഖംതിരിക്കുന്ന രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ടത്തെ കണക്കുകൂടി ലഭ്യമായാലേ ആരോഗ്യവകുപ്പിന്റെ ബോധവത്കരണം വിജയിച്ചോയെന്ന് വ്യക്തമാകൂ.

തുള്ളിമരുന്ന് വിതരണം ജില്ല ശതമാനം

തിരുവനന്തപുരം 96

കൊല്ലം 90

പത്തനംതിട്ട 87

ആലപ്പുഴ 89

കോട്ടയം 88

ഇടുക്കി 98

എറണാകുളം 92

തൃശ്ശൂർ 88

പാലക്കാട് 77

മലപ്പുറം 54

കോഴിക്കോട് 80

വയനാട് 79

കണ്ണൂർ 82

കാസർകോട് 71

*ഒരു കുട്ടിക്ക് രോഗമുണ്ടാവുന്നതുതന്നെ അത്യന്തം അപകടകരം; മറ്റ് 200 കുട്ടികളിലേക്ക് രോഗം പടർത്താൻ ആ കുട്ടിക്കാവും.

* ആ ഇരുന്നൂറുപേരിൽ ഒരാളുടെ ശരീരം തളരുന്നു. ഇതിൽ അഞ്ച് ശതമാനം കുട്ടികൾ മരിക്കും

* എട്ട് കുട്ടികൾക്ക് വൈറൽ മെനിഞ്ജൈറ്റിസ് ബാധയുണ്ടാകും

*191 കുട്ടികൾക്ക് രോഗലക്ഷണമൊന്നുമുണ്ടാകില്ല. എന്നാൽ, രോഗം പകർത്താനുള്ള കഴിവുണ്ട്.

നൂറുശതമാനം സുരക്ഷിതം

ആജീവാനന്തം കൈകാലുകൾ തളരുന്ന രോഗത്തെയാണ് ഇതിലൂടെ പ്രതിരോധിക്കുന്നത്. കുത്തിവെപ്പുപോലുമല്ല, തുള്ളിമരുന്നാണ്. 100 ശതമാനവും സുരക്ഷിതവും പാർശ്വഫലവുമില്ലാത്തതും. എല്ലാ കുട്ടികൾക്കും കുത്തിവെപ്പ് എടുത്താലേ പോളിയോയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിലെത്താനാവൂ.

*ഡോ. ബി. പദ്മകുമാർ, മെഡിസിൻ വിഭാഗം പ്രൊഫസർ, ആലപ്പുഴ മെഡിക്കൽ കോളേജ്‌

Content Highlight: 4.90 lakh children were not given Polio vaccine in Kerala