തിരുവനന്തപുരം: നിയമസഭാ അംഗത്വത്തിന്റെ അൻപതാം വാർഷികത്തിനൊപ്പം 77-ാം പിറന്നാൾകൂടി എത്തിയിട്ടും ആഘോഷങ്ങളില്ലാതെ പതിവ് തിരക്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആശംസകൾ അറിയിക്കാൻ ഒട്ടേറെപ്പേരാണ് ശനിയാഴ്ച തിരുവനന്തപുരത്തെ ‘പുതുപ്പള്ളി’ വീട്ടിലെത്തിയത്. എല്ലാവരോടും കുശലം പറഞ്ഞു. നന്ദിവാക്കുകളാൽ മധുരം നൽകി. വീട്ടിൽ ജന്മദിന കേക്ക് മുറിക്കൽ ഉണ്ടായിരുന്നില്ല. പുതുപ്പള്ളിയിൽനിന്നെത്തിയ നാട്ടുകാർ പക്ഷേ കേക്ക് കരുതിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും സിനിമാതാരം മോഹൻലാലും ആശംസകൾ നേർന്നു. ഉമ്മൻചാണ്ടിയുടെ ദിർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർഥിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഈദിനത്തിൽ മാത്രമല്ല, എന്നുമെന്നും ഈശ്വരൻ ആയുരാരോഗ്യങ്ങൾ കനിഞ്ഞുനൽകട്ടേയെന്ന് ഫെയ്സ്ബുക്കിലെ ലഘുവീഡിയോയിലൂടെ മോഹൻലാൽ ആശംസിച്ചു.
ആശംസകൾ അറിയിച്ച് ഫോൺവിളിച്ചവരോടും രാഷ്ട്രീയമായിരുന്നു ഉമ്മൻചാണ്ടിക്ക് കൂടുതലും പറയാനുണ്ടായിരുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അറിയാനുള്ള ആകാംക്ഷ ആശംസകളെ മാറ്റിനിർത്തി. രാവിലെ ഉള്ളൂരിലെ പള്ളിയിൽ പോയി. മകൻ ചാണ്ടി ഉമ്മനും തിരുവനന്തപുരത്ത് എത്തിയിരുന്നു.
ആശംസകൾ അറിയിക്കാൻ വന്നവരോടും മറ്റാവശ്യങ്ങൾക്ക് എത്തിയവരോടും കാര്യങ്ങൾ തിരക്കി വീണ്ടും തിരക്കുകളിലേക്ക്. മാജിക്ക് പ്ലാനറ്റിലെ കുട്ടികൾക്കൊപ്പമുള്ള പരിപാടിയടക്കം ഏറ്റിരുന്ന പരിപാടികളിലെല്ലാം കൃത്യസമയത്ത് പങ്കെടുത്തു. അമേരിക്ക, കാനഡ, യൂറോപ്പ്, ഗൾഫ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഓൺലൈനായി ആദരിക്കൽ ചടങ്ങും നടന്നു.
പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ വീട്ടിൽ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബർ 31-നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം.