അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന് ഭക്തിയിലാറാടിയ സമാപ്തി. നിറഞ്ഞ മനസ്സോടെ ഭക്തർ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽനിന്ന് മടങ്ങി.

വ്യാഴാഴ്ച പുലർച്ചെ തെക്കേനടക്കു താഴെ നടന്ന കൂടികാഴ്ചയായിരുന്നു പൂരത്തിന്റെ സമാപന ചടങ്ങ്്. ആറാട്ടെഴുന്നള്ളിപ്പ്, ശ്രീഭൂതബലി, പ്രദക്ഷിണം എന്നീ ചടങ്ങുകൾക്കുശേഷം ഉത്സവക്കൊടിക്കൂറ കൊടിമരത്തിൻനിന്ന് താഴ്ത്തിവെച്ചു. തുടർന്നാണ് ട്രസ്റ്റി പ്രതിനിധിയും ക്ഷേത്രം ഭാരവാഹികളും മലയൻകുട്ടിയുമായുള്ള കൂടിക്കാഴ്ച്ക്കായി തെക്കേനടയിലേക്കിറങ്ങിയത്.

ബുധനാഴ്ച രാവിലെ ഭഗവതിയെ പള്ളികുറുപ്പുണർത്തികൊണ്ടാണ് സമാപനദിവസ പൂരച്ചടങ്ങുകൾ തുടങ്ങിയത്.

രാവിലെ ക്ലാസിക്കൽ തിരുവാതി, ശാസ്ത്രീയനൃത്തം എന്നിവ അരങ്ങേറി. കാഴ്ചശീവേലി. ഉച്ചയ്ക്ക് ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, സന്ധ്യയ്ക്ക് ഇരട്ടതായമ്പക എന്നിവയും നടന്നു.

യത്രാബലിയോടെയാണ് 21-ാമത്തെ ആറാട്ടിനായി രാത്രിപൂരം കൊട്ടിയിറങ്ങിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് പൂരപ്പറമ്പിൽ ചവിട്ടുകളി അരങ്ങേറും.