കോട്ടയം: രോഗീവിവരങ്ങൾ ഡിജിെറ്റെസ് ചെയ്യുന്ന വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ കാർഡ് സംസ്ഥാനത്ത് കൂടുതൽ ഇടത്തേക്ക്. നിലവിൽ 229 ആശുപത്രികളിലാണ് ഇതുള്ളത്. 200 ഇടത്തുകൂടി ഉടൻ കാർഡ് എത്തും.

ഈ കാർഡുണ്ടെങ്കിൽ ചീട്ട് എടുക്കുന്നതുമുതൽ ഡോക്ടർ മരുന്ന് കുറിക്കുന്നതും ഫാർമസിസ്റ്റ് മരുന്ന് തരുന്നതും അടക്കം കംപ്യൂട്ടറിലാവും രേഖപ്പെടുത്തുക. കടലാസ് ഒ.പി. ചീട്ട് ഇതിനിടയിൽ എങ്ങുമില്ല. പിന്നീട് ചികിത്സ തേടി മറ്റൊരു ആശുപത്രിയിലെത്തിയാൽ അവിടെ ഈ പഴയ ചികിത്സാരേഖകൾ ലഭ്യമാകും.

ഒരു പൗരന് ഒരു ആരോഗ്യരേഖ എന്ന മുദ്രാവാക്യവുമായി കേന്ദ്ര, സംസ്ഥാന-സർക്കാരുകളുടെ സംയുക്ത പരിപാടിയാണ് ഇ- ഹെൽത്ത് പദ്ധതി.

പദ്ധതി നടപ്പാകുന്ന ആശുപത്രിയിൽ എത്തി ഒ.പി. ടിക്കറ്റ് എടുക്കുമ്പോൾ ആധാർ നമ്പർ നൽകണം. കംപ്യൂട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നമുറയ്ക്ക് ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് ഒരു ഒ.ടി.പി. വരും. ഇത് ഉപയോഗിച്ചാണ് വ്യക്തിഗത നമ്പരോടുകൂടിയ കാർഡ് വിതരണം ചെയ്യുന്നത്. കാർഡിൽ ഒരു ബാർകോഡ് ഉണ്ടാകും.

കാർഡ് സ്വന്തമാക്കിയവർക്ക് സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് സിറ്റിസൺ പോർട്ടലിലൂടെ വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. അക്ഷയ സർവീസ് പോർട്ടലും എം.ഇ.ഹെൽത്ത് മൊബൈൽ ആപ്പും ഇതിനായി ഉപയോഗിക്കാം. ടെലിമെഡിസിൻ സൗകര്യത്തിന് എം.ഇ.ഹെൽത്ത് ആപ്പ് വഴി ഡോക്ടറുടെ സേവനവും തേടാം.

കാർഡ് കൈവശമുള്ള രോഗിക്ക് സംസ്ഥാനത്ത് എവിടെയും ചികിത്സാരേഖകൾ പേപ്പർ രൂപത്തിൽ കൈയിൽ കരുതേണ്ട ആവശ്യമില്ല. കാർഡ് നമ്പർ ഉപയോഗിച്ച് ആരോഗ്യസംബന്ധമായ പൂർണവിവരം ലഭ്യമാവും.