കോട്ടയം: ഭാരത സർക്കാരിന്റെ ആയുഷ് വിഭാഗത്തിലെ മരുന്നുകൾക്കും ചികിത്സയ്ക്കും അന്താരാഷ്ട്രതലത്തിൽ കൂടുതൽ പ്രചാരണത്തിനായി ആയുഷ് പ്രൊമോഷൻ കൗൺസിൽ ശ്രമം തുടങ്ങി. ഇന്ത്യൻ നിർമിത ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോ, റിഗ്‌പ ഇനം മരുന്നുകളുടെയും ഫുഡ് സപ്ലിമെന്റുകളുടെയും കയറ്റുമതിയുടെ വ്യാപനവും ചികിത്സാകേന്ദ്രങ്ങളുമാണ് ലക്ഷ്യമിടുന്നത്.

കയറ്റുമതിക്കായി ബഹുരാഷ്ട്രചർച്ചകൾ, വ്യാപാരസൗകര്യം ഏർപ്പെടുത്തൽ എന്നിവയുണ്ടാവും. നിലവിൽ ആയുഷ് ഉത്പന്നങ്ങൾ മരുന്ന്, ഫുഡ് സപ്ലിമെന്ററി എന്നീ വിഭാഗങ്ങളിൽ നൂറിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അവിടങ്ങളിൽ ചികിത്സാസൗകര്യംകൂടി ഒരുക്കുന്നതിനും ശ്രമമുണ്ടാവും.

ആവശ്യമെങ്കിൽ ആയുഷ് ചികിത്സാവിദഗ്‌ധരെ ഡെപ്യൂട്ടേഷനിൽ ഇന്ത്യയിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് നിയോഗിക്കും. അന്താരാഷ്ട്ര ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുന്നതിനും ലോകാരോഗ്യസംഘടനയുമായി ബന്ധപ്പെട്ട് ഗുണനിലവാര മാനദണ്ഡം ഉറപ്പുവരുത്തുന്നതിനും നടപടിയുണ്ടാവും. വിദേശനിക്ഷേപം ആകർഷിക്കാനുള്ള നടപടിയുണ്ടാവും. വിദേശികൾക്ക് സ്‌കോളർഷിപ്പുകളും നൽകും.

ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോ, റിഗ്‌പ (ഹിമാലയൻ പ്രദേശങ്ങളിലെ പാരമ്പര്യചികിത്സ) എന്നിവയാണ് ആയുഷ് വിഭാഗത്തിൽ അന്താരാഷ്ട്രതലത്തിൽ പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

വിവിധ വിഭാഗങ്ങളെ അംഗീകരിച്ച രാജ്യങ്ങൾ

ആയുർവേദം-നേപ്പാൾ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, യു.എ.ഇ., ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ, മലേഷ്യ, മൗറീഷ്യസ്, ഹങ്കറി, സെർബിയ, ടാൻസാനിയ, സ്വിറ്റ്‌സർലൻഡ്, ക്യൂബ, ബ്രസീൽ.

യുനാനി-ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, പാകിസ്താൻ, ബഹ്റൈൻ, യു.എ.ഇ., ടാൻസാനിയ.

സിദ്ധ-ശ്രീലങ്ക, മലേഷ്യ.

റിഗ്‌പ-ഭൂട്ടാൻ, മംഗോളിയ.

ഹോമിയോ-ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, ഒമാൻ, യു.എ.ഇ., റഷ്യ, ടാൻസാനിയ, ഘാന, ചിലി, കൊളംബിയ, റൊമാനിയ, തുർക്കി, കാനഡ.