കോട്ടയം: കേരളത്തിലെ ജലസേചനപദ്ധതി പ്രദേശങ്ങളിൽ മുഴുവൻ സൗരപാനലുകൾ സ്ഥാപിച്ച് വൈദ്യുതോത്പാദനത്തിന് സർക്കാർ പദ്ധതി. ഇതിനായി സാധ്യതാ പരിശോധന തുടങ്ങി.

മലങ്കര ഡാമിന്റെ റിസർവോയർ പ്രദേശത്തും പാനൽ സ്ഥാപിക്കുന്നത് പരിശോധനിക്കുന്നുണ്ട്. മൂവാറ്റുപുഴ ജലസേചനപദ്ധതിയുടെ കനാലുകളുടെയും കൈവഴികളുടെയും മുകളിലൂടെ 80 കിലോമീറ്റർ ദൂരത്തിൽ പാനൽ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പഠനമാണ് ഇതിൽ പ്രധാനം. കൂടാതെ 10.5 ലക്ഷം ചതുരശ്രമീറ്റർ പ്രദേശത്തുകൂടി സൗരപാനൽ വെക്കുന്നതിനുള്ള സാധ്യതയും പരിഗണനയിലുണ്ട്.

സമ്പൂർണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് അടുക്കാൻ ചെലവ് കുറഞ്ഞ ജലവൈദ്യുത പദ്ധതികളും സൗരോർജ പദ്ധതികളും കൂടുതലായി ഉപയോഗിക്കുന്നതിനാണ് തീരുമാനം. അതിനാണ് ജലഅതോറിറ്റിയും ജലസേചന വകുപ്പും സൗരോർജ ഉത്പാദന രംഗത്തേക്ക് കടന്നത്.

ഇരുവകുപ്പുകളുടെയും ഒഴിഞ്ഞുകിടക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ സൗര പാനലുകൾ വിന്യസിക്കും. വകുപ്പുകളുടെ കീഴിലുള്ള കെട്ടിടങ്ങളുടെ മുകളിലും ഡാമുകളുടെ വൃഷ്ടിപ്രദേശത്തും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ 1,000 മെഗാവാട്ട് സൗരോർജമാണ് ലക്ഷ്യമിടുന്നത്.

bbസാധ്യത പരിശോധനയിൽ ഉൾപ്പെടുന്നവ

bb

ഇടമലയാർ ജലസേചനപദ്ധതി പ്രദേശം-401273.95 ച.മീ.

പെരിയാർ വാലി പദ്ധതിയിൽ പെരുമ്പാവൂരിന് കീഴിൽ-6,27236 ച.മീ.

പി.വി.ഐ.പി.ഡിവിഷനിൽ-3316.71 ച.മീ.

ചാലക്കുടി റിവർ ഡൈവർഷൻ സ്‌കീം-34,140 ച.മീ.

bbവിജയിച്ച മാതൃകകൾ

bb

സംസ്ഥാന ജലഅതോറിറ്റി തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ, തിരുമല ജലസംഭരണികൾക്ക് മുകളിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റുകൾ 2020 ഒക്ടോബർ അവസാനത്തോടെ പ്രവർത്തനം തുടങ്ങിയിരുന്നു. 2.12 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഓരോ പ്ലാന്റുകളുടേയും ശേഷി 100 കിലോവാട്ട് വീതമാണ്. ബാറ്ററി ഉപയോഗിക്കാതെ ശൃംഖലാബന്ധിതമായ സംവിധാനമാണ് ഈ നിലയങ്ങൾ സ്വീകരിച്ചിട്ടുള്ളത്. അതിനാൽ ലഭ്യമാകുന്ന ഊർജം പരമാവധി ഉപയോഗപ്രദമാക്കാനും അറ്റകുറ്റപ്പണികളുടെ ചെലവിൽ കുറവ് വരുത്താനും കഴിഞ്ഞു.

bbരണ്ടുതരത്തിൽ ലാഭംbb

ജലഅതോറിറ്റിയുടെയും ജലസേചനവകുപ്പിന്റെയും പദ്ധതികളുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനാവും. കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചാൽ കെ.എസ്.ഇ.ബി.ക്ക് കൈമാറും. നിലവിൽ ജലഅതോറിറ്റി വൈദ്യുതിബിൽ ഇനത്തിൽ കെ.എസ്.ഇ.ബി.ക്ക് നൽകാനുള്ള കുടിശ്ശിക തുകയിൽ ഇത് കുറവ് ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.