തിരുവനന്തപുരം: ഓൺലൈൻവഴിയുള്ള കബളിപ്പിക്കലിൽ പണം നഷ്ടമാകുന്നവർക്ക് പരാതിപ്പെടാനായി പ്രത്യേക ടോൾഫ്രീ നമ്പർ. കേരള പോലീസിന്റെ കോൾസെന്റർ സംവിധാനമായ 155260 എന്ന ടോൾഫ്രീ നമ്പറിലാണ് പരാതി നൽകാനാകുക. കേന്ദ്രസർക്കാരിന്റെ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ്‌ ആൻഡ്‌ മാനേജ്‌മെന്റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രീകൃത കോൾസെന്റർ സംവിധാനം.

പരാതികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടൽവഴി ബാങ്ക് അധികാരികളെ അടിയന്തരമായി അറിയിച്ച് പണം കൈമാറ്റം തടയും. തുടർന്ന് പരാതികൾ സൈബർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി കേസ് രജിസ്റ്റർചെയ്യും. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് കോൾസെന്റർ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പി.മാരായ മനോജ് എബ്രഹാം, എസ്. ശ്രീജിത്ത്, വിജയ് എസ്. സാഖറെ തുടങ്ങിയവർ സംബന്ധിച്ചു.