തൃശ്ശൂർ: നിയമനങ്ങൾക്ക് സ്വകാര്യസ്ഥാപനങ്ങളും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ തൊഴിലന്വേഷിക്കുന്നവർ ഇതു ലഭിക്കാൻ വലിയ തുക ചെലവിടേണ്ടിവരുന്നു. ഒരു സർട്ടിഫിക്കറ്റിന് പോലീസ് വകുപ്പ് ഇൗടാക്കുന്നത് 555 രൂപയാണ്. ഇത് അക്ഷയകേന്ദ്രം വഴി അപേക്ഷിക്കുമ്പോൾ 25 രൂപകൂടി നൽകേണ്ടിവരുന്നു. അപേക്ഷകൻ താമസയിടത്തെ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരുവർഷമായി ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റാണ് നൽകുന്നത്.

കോവിഡ്കാലത്ത് തൊഴിൽ നഷ്ടപ്പെടുന്നവരും അതുവഴി തൊഴിലന്വേഷികളും കൂടിയതോടെ അപേക്ഷകരുടെ എണ്ണം കൂടുതലാണ്. ഒരു സർട്ടിഫിക്കറ്റ് ഒരു സ്ഥലത്ത്‌ മാത്രമേ പ്രയോജനപ്പെടുത്താനാകൂ എന്നതിനാൽ തൊഴിലിടങ്ങൾ മാറുന്നവർക്ക് ഒാരോ സർട്ടിഫിക്കറ്റിനും 555 രൂപ വീതം മുടക്കേണ്ടിവരുന്നു.

2011-ൽ നവീകരിച്ച പോലീസ് നിയമത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഫീസ് ഇൗടാക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയെങ്കിലും നടപ്പാക്കിയത് കോവിഡ് ആരംഭത്തോടെയാണ്. സർക്കാരിന് നല്ലവരുമാനമുള്ള മാർ‌ഗമായി ഇത് കണ്ടെത്തുകയായിരുന്നു. ഇതിനിടെയാണ് സ്വകാര്യസ്ഥാപനങ്ങളിൽ നിയമിക്കുന്നവർക്കും പോലീസ് ക്ലിയറൻസ് വേണമെന്ന അനൗദ്യോഗിക അറിയിപ്പ് പോലീസിൽനിന്നുണ്ടായത്. തൊഴിലുടമകൾ തൊഴിലിടത്തെ സുരക്ഷ കണക്കിലെടുത്ത് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ അപേക്ഷകന്റെ പേരും വിവരങ്ങളും നൽകിയാൽ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ മേധാവി നൽകുന്ന സർട്ടിഫിക്കറ്റിനാണ് ഇത്ര വലിയ ഫീസ് ഇൗടാക്കുന്നത്. സർട്ടിഫിക്കറ്റിനായി അപേക്ഷകന്റെ താമസസ്ഥലത്തിനു സമീപത്തുള്ള രണ്ട് പൊതുപ്രവർത്തകരുടെ ഫോൺ നമ്പർ വാങ്ങിവെക്കുക മാത്രമാണ് പോലീസ് ചെയ്യുന്നത്.