ചേർത്തല: പുരാവസ്തുവിന്റെ പേരിലെ സാമ്പത്തിക തട്ടിപ്പിൽ കുരുങ്ങിയ മോൺസന്റെ ശേഖരത്തിൽ ബോളിവുഡ് നടി കരീന കപൂറിന്റെ ഉടമസ്ഥതിയിലുള്ള ആഡംബരക്കാറും. എം.എച്ച്. രണ്ട് എ വൈ 4593 നമ്പരിലുള്ള മഹാരാഷ്ട്ര രജിസ്‌ട്രേഷൻ പോഷോ കാറാണ് ഇപ്പോൾ ചേർത്തല പോലീസ് സ്‌റ്റേഷനിൽ കിടക്കുന്നത്. മോൺസൺ ആലപ്പുഴയിലെ മറ്റൊരുഗ്രൂപ്പിനു നൽകിയ കാർ വാടകത്തർക്കത്തെത്തുടർന്നാണ് പോലീസ് കസ്റ്റഡിയിലായത്. 2007 മോഡലിലുള്ള കാർ എങ്ങനെയാണു മോൺസന്റെ പക്കലെത്തിയതെന്നു വ്യക്തമായിട്ടില്ല. ഈ കാറും ആഡംബര കാരവനും അടക്കം 20 വാഹനങ്ങളാണ് ഗ്രൂപ്പിനു മോൺസൺ നൽകിയിരുന്നത്. കോടതിയുത്തരവുപ്രകാരം പോലീസ് വാഹനങ്ങൾ പിടിച്ചെടുത്തത്. 2020 ഒക്ടോബറിലായിരുന്നു കാറുകൾ സ്റ്റേഷനിലെത്തിയത്. ഇതിൽ നിയമനടപടികൾ നടന്നുവരുകയാണ്. കേസ് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കരീന കപൂറിന്റെ മുംബൈയിലെ മേൽവിലാസത്തിലാണു കാറിന്റെ രജിസ്‌ട്രേഷൻ.

ഉന്നതർ ഉപയോഗിച്ചിരുന്ന കാറുകളാണ് പലതും ഇയാളുടെ കൈകളിലേക്കെത്തിയിരുന്നത്. ഉപയോഗിച്ച കാറുകൾ വിൽപ്പന നടത്തുന്ന ഇടനിലക്കാരൻ വഴിയാണു കാറുകളെത്തുന്നതെന്നാണു വിവരം. മോൺസന്റെ കൈവശമെത്തുന്ന ആഡംബരകാറുകളെല്ലാം ഉത്തരേന്ത്യൻ രജിസ്‌ട്രേഷനിലുള്ളതാണ്. നിലവിൽ ചേർത്തലയിലെ വീട്ടിൽ മോൺസൺ എത്തിയ രണ്ട് ആഡംബരക്കാറുകളും ഇത്തരത്തിലുള്ളതാണ്. ഇതിൽ ഒന്നിന്‌ രജിസ്‌ട്രേഷനില്ലെന്നു മോട്ടോർവാഹനവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞിരുന്നു.